ബെംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് ചിത്രം പൂർണമായി തെളിയുന്നതോടെ അപ്രതീക്ഷിത തോൽവികളുടെയും വിജയങ്ങളുടെയും പരിപൂർണ വിവരങ്ങൾ പുറത്ത് വന്നു കഴിഞ്ഞു. നിരവധി സിറ്റിംഗ് എംഎൽഎമാർക്കാണ് ഇത്തവണ പാർട്ടികൾ തെരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചത്. കർണാടക മുതൽ ദേശീയ തലത്തിൽ വരെ പ്രാധാന്യമർഹിക്കുന്ന നേതാക്കൾ നിരന്ന തെരഞ്ഞെടുപ്പിൽ വിഐപി മണ്ഡലങ്ങൾ നിരവധിയാണ്.
കനകപുര: കർണാടകയുടെ കിങ് മേക്കർ ഡികെ ശിവകുമാർ കനകപുരയിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഭരണത്തിലേക്ക് എത്തിച്ചതിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്‍റ് ശിവകുമാർ എന്ന നേതാവിന്‍റെ പങ്ക് വളരെ വലുതാണ്. ബിജെപിയുടെ ആർ അശോകിനെയാണ് ഡികെ ശിവകുമാർ തോൽപ്പിച്ചത്.
ഹൂബ്ലി സെൻട്രൽ: ഹൂബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ തോൽവി ഏറ്റുവാങ്ങിയത് 35,000ത്തിലധികം വോട്ടുകൾക്കാണ്. ബിജെപി ടിക്കറ്റ് നിഷേധിച്ചതോടെ ക്ഷുഭിതനായ ഷെട്ടാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പിന്നീട് ബിജെപി, ഹൂബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ സ്ഥാനാർഥിയായി മഹേഷ് തെങ്ങിനകൈയെ നാമനിർദേശം ചെയ്യുകയായിരുന്നു.
ശിക്കാരിപുര: ശിക്കാരിപുര മണ്ഡലത്തിൽ ഗോണി മലതേഷിനെ പരാജയപ്പെടുത്തുകയാണ് ബിജെപിയുടെ വിജയേന്ദ്ര യെദ്യൂരപ്പ. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നയാളാണ് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഇത്തവണ യെദ്യൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്ര ശിക്കാരിപുര മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നുണ്ട്. ഇതാദ്യമായാണ് വിജയേന്ദ്ര തെരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തുന്നത്.
ഷിഗോൺ: കർണാടക തെരഞ്ഞെടുപ്പിലെ പ്രധാന മണ്ഡലമാണ് ഷിഗോൺ. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയാണ് ഇവിടുത്തെ വിഐപി സ്ഥാനാർഥി. ജെഡിഎസിന്‍റെ ശശിധർ യെലിഗറിനെയാണ് ബസവരാജ് ബൊമ്മൈ തോൽപ്പിച്ചത്.
രാമനഗര: മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി രാമനഗരയിൽ തോൽവി സമ്മതിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എച്ച്എ ഇഖ്ബാല്‍ ഹുസൈനോടാണ് നിഖില്‍ കുമാരസ്വാമി പരാജയപ്പെട്ടത്.
ശിവമൊഗ ടൗൺ: മുൻ ഡിസിഎം കെഎസ് ഈശ്വരപ്പയ്ക്കും ശിവമൊഗയിൽ ബിജെപി ടിക്കറ്റ് നൽകിയില്ല. അങ്ങനെ ഈശ്വരപ്പ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ചു. ഈശ്വരപ്പ മുമ്പ് പ്രതിനിധീകരിക്കുന്ന ശിവമോഗ മണ്ഡലത്തിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗത്തിന് സീറ്റ് നൽകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് പകരം ബിജെപി ചന്നബസപ്പയ്ക്ക് സ്ഥാനാർഥിത്വം നൽകുകയായിരുന്നു.
വിജയനഗര: വിജയനഗര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിറ്റിങ് എംഎൽഎയാണ് മന്ത്രി ആനന്ദ് സിംഗ്. ഇത്തവണ അദ്ദേഹത്തിന് പകരം മകൻ സിദ്ധാർഥ് സിങ്ങിനെ ബിജെപി തെരഞ്ഞെടുത്തു.