ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സേണിയ ഗാന്ധി ഇന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്‌ച നടത്തും. എഐസിസി അധ്യക്ഷനുമായുള്ള സുപ്രധാന കൂടിക്കാഴ്‌ചയ്‌ക്കായി സോണിയ ഗാന്ധി ഹിമാചല്‍ പ്രദേശില്‍ നിന്ന് ഇന്ന് ഡല്‍ഹിയിലെത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് നാലാം ദിവസവും കര്‍ണാടക മുഖ്യമന്ത്രി പദത്തിലേക്ക് കോൺഗ്രസില്‍ കടുത്ത മത്സരം നടക്കുകയാണ്.
സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ പ്രത്യക്ഷമായ മത്സരം തന്നെ മുഖ്യമന്ത്രി കസേരയ്‌ക്കായി നടക്കുമ്പോള്‍ യോഗ്യനായ വ്യക്തിയെ മുഖ്യമന്ത്രിയാക്കാനുള്ള ആലോചനകള്‍ കോണ്‍ഗ്രസ് നേതൃത്വം തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ണാടകയിലെ ശക്തരായ നേതാക്കള്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും. ഇന്നലെ (16.05.2023) വൈകിട്ട് ഖാര്‍ഗെയുമായി നടന്ന കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇന്ന് ഇരുവരും ഹൈക്കമാന്‍ഡിനെ കാണുമെന്നാണ് സൂചന.
കര്‍ണാടക മുഖ്യമന്ത്രി തീരുമാനം സോണിയ ഗാന്ധിക്ക് വിട്ടു എന്ന് അവകാശപ്പെടുന്ന ഡികെ ശിവകുമാര്‍ മുന്‍ കോൺഗ്രസ് അധ്യക്ഷയെ കണ്ട് അവരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. തന്‍റെ ദൈവവും ക്ഷേത്രവും കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും മക്കള്‍ക്ക് എന്ത് നല്‍കണമെന്ന് ദൈവത്തിനും അമ്മമാര്‍ക്കും എപ്പോഴും അറിയാമെന്നും ആയിരുന്നു ഡല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പ് ഡികെ ശിവകുമാറിന്‍റെ പ്രതികരണം. 'ഞാൻ എന്‍റെ ദൈവത്തെ കാണാൻ ക്ഷേത്രത്തിലേക്ക് പോകുന്നു. ഞാൻ ഒറ്റയ്ക്കാണ് പോകുന്നത്' -എന്നായിരുന്നു ഡല്‍ഹി യാത്രയെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് ഇന്നലെ മുന്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി പ്രശ്‌നം പരിഹരിക്കാന്‍ ചുമലതയുള്ള ഖാര്‍ഗെ രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും ഉളള ചര്‍ച്ചയ്‌ക്ക് ശേഷം തീരുമാനത്തില്‍ എത്തുമെന്നാണ് വിവരം. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നിയമസഭ കക്ഷി നേതാവിനെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി അധ്യക്ഷന്‍ ഖാർഗെയെ അധികാരപ്പെടുത്തി കൊണ്ട് ഞായറാഴ്‌ച ഒറ്റവരി പ്രമേയം പാസാക്കിയിരുന്നു.
ഡികെ ശിവകുമാറിനും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും തെരഞ്ഞെടുപ്പിന് മുമ്പ് ഐക്യമുന്നണി ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. മെയ് 10നാണ് രാജ്യം തന്നെ ഉറ്റുനോക്കിയ കര്‍ണാടക തെരഞ്ഞെടുപ്പ് നടന്നത്. മെയ് 13ന് ഫലവും പുറത്തു വന്നു. ഞെട്ടിക്കുന്ന വിജയമായിരുന്നു കോണ്‍ഗ്രസ് സ്വന്തമാക്കിയത്.
224ല്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരം തിരിച്ച് പിടിക്കുകയും ബിജെപിയെ പരാജയപ്പെടുത്തുകയും ചെയ്‌തത്. എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇരു നേതാക്കളും മുഖ്യമന്ത്രി പദത്തിനായി പ്രത്യക്ഷ മത്സരത്തിനിറങ്ങിയതോടെ കര്‍ണാടകയില്‍ അനിശ്ചിതത്വം സൃഷ്‌ടിക്കുകയായിരുന്നു.