ബെംഗളൂരു: എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുമെന്ന് പറയുന്ന ഓഡിയോ സന്ദേശത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പുറത്തുവന്ന ഓഡിയോയുടെ സത്യാവസ്ഥ സംബന്ധിച്ച് പരിശോധിക്കേണ്ടതുണ്ട്. വിഷയം ഗൗരവത്തിലെടുക്കുകയും കേസെടുത്ത് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു.
ALSO READ | video: മോദി റോഡ് ഷോയില്‍ തിളങ്ങി ബെംഗളൂരു
'ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് ഞങ്ങൾ അന്വേഷിക്കും. ലിംഗായത്ത് വോട്ടുകൾ ബിജെപിക്ക് വേണ്ടെന്ന് ബിഎൽ സന്തോഷ് പറഞ്ഞെന്ന തരത്തിലുള്ള വാർത്ത വ്യാജമാണ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ പരാതി നൽകിയിട്ടുണ്ട്'- ബെംഗളൂരുവിലെ തന്‍റെ ഔദ്യോഗിക വസതിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
'മോദി തരംഗം മുന്‍പുള്ളതിനേക്കാള്‍ ശക്തം': കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിനിറങ്ങിയ നടൻ ശിവരാജ് കുമാറിനെ ബിജെപി ട്രോളിയതിനോടും ബൊമ്മെ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, ജനാധിപത്യത്തിൽ നടന്മാർക്ക് ഏത് പാർട്ടിക്കും വേണ്ടി പ്രചാരണം നടത്താമെന്നും മുഖ്യമന്ത്രി ബൊമ്മെ പറഞ്ഞു. ബിജെപി എംപി പ്രതാപ് സിങ്ങ് ശിവരാജ് കുമാറിനെ വിമർശിച്ചത് സംബന്ധിച്ചുള്ള കാര്യം ആ വഴിക്ക് വിടുന്നു. ശിവരാജിന്‍റെ പ്രചാരണത്തിൽ തനിക്ക് എതിർപ്പില്ല. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രചാരണത്തിനെത്തുന്നു. അതാണ് അവരുടെ പാർട്ടിയുടെ പ്രചാരണം. മോദിയും ഇന്ന് ഹൂബ്ലിയിൽ എത്തുന്നുണ്ട്. മോദി തരംഗം മുന്‍പുള്ളതിനേക്കാള്‍ ശക്തമാണെന്നും ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു.
എഐസിസി അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയുടെ കുടുംബത്തെ കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തിയെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയുടെ ആരോപണം. ഇന്ന് ബെംഗളൂരുവില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. ഇതുസംബന്ധിച്ച് ചിറ്റപ്പൂരിലെ ബിജെപി സ്ഥാനാർഥി മണികാന്ത് റാത്തോഡ് സംസാരിച്ചതിന്‍റെ ഓഡിയോയും സുര്‍ജേവാല പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി ബൊമ്മെയുമായും അടുത്തുബന്ധമുള്ള നേതാവാണ് മണികാന്ത്. ഇയാളുടെ ഓഡിയോയിൽ ഈ ഗൂഢാലോചന വ്യക്തമാണെന്നും സുർജേവാല ആരോപിച്ചു.
'കോൺഗ്രസിനുള്ള പിന്തുണ കണ്ട് ബിജെപി ഞെട്ടി': 'ഖാർഗെയുടെ കുടുംബം ആശങ്കയിലാണ്. ഖാര്‍ഗെയേയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടും മോദിയും ബിജെപി നേതാക്കളും മൗനത്തിലാണ്. മെയ് 10ാം തിയതി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് പാർട്ടിക്ക് ജനങ്ങൾ പൂർണപിന്തുണയാണ് നല്‍കിയത്. ഇതുകണ്ട് ഞെട്ടിയ ബിജെപി, മല്ലികാർജുൻ ഖാർഗെയേയും അദ്ദേഹത്തിന്‍റെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളേയും കൊല്ലാൻ ഗൂഢാലോചന നടത്തി'- സുർജേവാല മാധ്യമങ്ങളോട് വ്യക്തമാക്കി.