ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടി ചുമതലക്കാരനുമായ അരുൺ സിംഗ്. ഒപ്പം മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തു.
പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മൂന്നു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായെത്തിയ അദ്ദേഹം മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് നളിൻ കുമാർ കതീൽ, മന്ത്രിമാർ തുടങ്ങിയവരുമായി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം, പാർട്ടി സംഘടന എന്നിവെയ കുറിച്ച് ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു. യെദ്യൂരപ്പയെ മാറ്റുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും നേതൃമാറ്റത്തെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാരും പാർട്ടി പ്രവർത്തകരും ജനങ്ങളും ഉന്നയിക്കുന്ന പരാതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചർത്തു.
യോഗത്തിന് ശേഷം മല്ലേശ്വരത്തെ പാർട്ടി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ സന്ദർശനത്തിനിടയിൽ പാർട്ടിയുടെ വിമത നിയമസഭാംഗങ്ങളുമായി അരുൺ സിംഗ് കൂടിക്കാഴ്‌ച നടത്തും. ഇവരുമായി പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യും.
Also Read: കര്‍ണാടക ബിജെപിയിലെ പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാൻഡ് ഇടപെടുന്നു