ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ 5,8545 പോളിങ്ങ് ബൂത്തുകളില്‍ രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 224 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍ 5,31,33,054 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുക.
ഇതില്‍ 2,67,28,053 പുരുഷൻമാരും 2,64,00,074 സ്‌ത്രീകളും 4,927 മറ്റ് വിഭാഗങ്ങളുമാണുള്ളത്. 2,615 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. അതില്‍ 2,430 പുരുഷന്മാരും 184 സ്‌ത്രീകളും ഒരാൾ ട്രാന്‍സ്‌ജെന്‍ഡറുമാണ്.
വോട്ടെടുപ്പ് നടക്കുമ്പോള്‍ എല്ലാ പോളിങ് ബൂത്തുകളിലും പോളിങ് ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ കൃത്യമായി മോക്ക് പോളിങ് നടക്കും.
സംസ്ഥാനത്ത് അതീവ സുരക്ഷ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടകയില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ 84,119 പൊലീസ് ഉദ്യോഗസ്ഥരെയും 58,500 സിഎപിഎഫിനെയും (Central Armed Police Forces) വിന്യസിച്ചിട്ടുണ്ട്. കൂടാതെ അന്തര്‍ സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും സുരക്ഷ കടുപ്പിച്ചിട്ടുണ്ട്.
185 ചെക്ക് പോസ്റ്റുകളിലും (എസ്എസ്‌ടി) 75 എക്സൈസ് ചെക്ക് പോസ്റ്റുകളിലും വാണിജ്യ നികുതി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. 224 നിയോജക മണ്ഡലങ്ങളിലെ 58,000 പോളിങ് ബൂത്തുകളിലും എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് സിഇസി രാജീവ് കുമാര്‍ പറഞ്ഞു. പ്രത്യേകിച്ചും സ്‌ത്രീകളും ഭിന്നശേഷിക്കാരും നിയന്ത്രിക്കുന്ന പോളിങ് ബൂത്തുകളില്‍ തികഞ്ഞ സൗകര്യങ്ങളും സുരക്ഷയുമാണ് ഒരുക്കിയിട്ടുള്ളതെന്നും രാജീവ് കുമാര്‍ പറഞ്ഞു.
കന്നഡ മണ്ണിലെ കന്നി വോട്ടര്‍മാര്‍ക്ക് നിര്‍ദേശവുമായി പ്രധാനമന്ത്രി: കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവ വോട്ടര്‍മാരോടും കന്നി വോട്ടര്‍മാരോടും വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സംസ്ഥാനത്തെ നല്ല ഭരണത്തിനും വികസനത്തിനും വേണ്ടി നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. നിങ്ങളുടെ ഓരോ വോട്ടിനും സംസ്ഥാനത്തെ ഉയര്‍ന്ന തലങ്ങളിലെത്തിക്കാന്‍ സാധിക്കും. അതുകൊണ്ട് സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും പുരോഗതിക്ക് അനുകൂലമായ ഒരു സര്‍ക്കാര്‍ ഉറപ്പാക്കാന്‍ ശ്രമിക്കണം' -പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കച്ചമുറുക്കി ബിജെപിയും കോണ്‍ഗ്രസും; ചൂടുപിടിച്ച് രാഷ്‌ട്രീയ രംഗം: സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി ഭരണ തുടര്‍ച്ച നേടുന്നതിന് ശ്രമിക്കുമ്പോള്‍ ബിജെപിയില്‍ നിന്നും അധികാരം കൈപിടിയിലാക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. അതേസമയം സ്വന്തം കോട്ടയായ മൈസൂരില്‍ വീണ്ടും കാലുറപ്പിക്കാന്‍ ശ്രമിക്കുകയാണ് ജെഡിഎസ്.