രാമനഗര്‍: കോണ്‍ഗ്രസിന്‍റെയും ഡി.കെ ശിവകുമാറിന്‍റെയും പൊന്നാപുരം കോട്ടയാണ് കനകപുര നിയമസഭ മണ്ഡലം. ഡി.കെ ശിവകുമാര്‍ എന്ന നേതാവിനെ തുടര്‍ച്ചയായി തെരഞ്ഞെടുത്ത് സഭയിലേക്ക് അയക്കുന്ന മണ്ഡലത്തില്‍ എന്നാല്‍ ഇത്തവണ ഒരു അസ്ഥിരത പ്രകടമാണ്. നിലവിലെ ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ച് ബാലി കേറാമലയായ കനകപുര പിടിച്ചെടുക്കുക എന്നത് എത്രമാത്രം ആവശ്യമാണെന്നത് നിലവിലെ മന്ത്രി കൂടിയായ ആര്‍ അശോകിനെ രംഗത്തിറക്കിയതില്‍ നിന്നും വ്യക്തവുമാണ്. ഇതിനൊപ്പം പ്രാദേശിക തലത്തില്‍ ഏറെ സ്വീകാര്യനായ നാഗരാജുവിനെ ജെഡിഎസ് സ്ഥാനാര്‍ഥിയാക്കിയതോടെ കനകപുര ഒരു ത്രികോണ മത്സരത്തിന് കൂടിയാണ് വേദിയാവുന്നത്.
കളമറിഞ്ഞ് ബിജെപി: മണ്ഡലത്തിന്‍റെ ഹൃദമിടിപ്പറിഞ്ഞ ഡി.കെ ശിവകുമാറിനെ നിസാരമായി തകര്‍ത്തെറിയുക എളുപ്പമല്ലെന്ന് ബിജെപിക്ക് വ്യക്തതയുണ്ട്. ഡി.കെയെ ഏഴ് തവണ മടുപ്പില്ലാതെ തെരഞ്ഞെടുത്തുവിട്ട മണ്ഡലത്തില്‍ അദ്ദേഹത്തിന് വിരുദ്ധമായ വികാരം മാത്രം ഉയര്‍ത്തിക്കാണിച്ച് വോട്ട് നേടുക പ്രായോഗികമല്ലെന്നും ബിജെപി വിലയിരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മണ്ഡലത്തില്‍ സ്വാധീന ശക്തിയായ വൊക്കലിഗ സമുദായത്തില്‍പെട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കുന്നതുവഴി വോട്ടുകള്‍ പെട്ടിയിലാക്കാമെന്ന വിശ്വാസത്തിലാണ് ബിജെപി. ഇതുതന്നെയാണ് ആര്‍ അശോകിലേക്ക് ബിജെപിയെ എത്തിക്കുന്നതും. നിലവിലെ മന്ത്രി എന്ന ഖ്യാതിയ്‌ക്കൊപ്പം സംസ്ഥാന ബിജെപി ഭാരവാഹികളായ അരുൺ സിങ്, സി.ടി രവി, ഡോ.അശ്വത് നാരായണൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളെ എത്തിച്ച് മണ്ഡലത്തിൽ ആവേശകരമായ പ്രചാരണങ്ങളിലൂടെ കളംപിടിക്കുകയാണ് ബിജെപി.
ഡി.കെയുടെ കനകപുര: ഏഴുതവണ തുടര്‍ച്ചയായി മണ്ഡലത്തിന്‍റെ ജനപ്രതിനിധി, സാധാരണക്കാര്‍ക്ക് പോലും അനിഷേധ്യനുമായ നേതാവ്, കര്‍ണാടക കോണ്‍ഗ്രസിന്‍റെ തലവന്‍ തുടങ്ങി ഡി.കെ ശിവകുമാറിന് കനകപുരയില്‍ പ്രത്യേക മുഖവുരയുടെ ആവശ്യമില്ല. തുടര്‍ച്ചയായ വിജയങ്ങളിലും ജയത്തിന്‍റെ മാര്‍ജിനില്‍ വര്‍ധനവുണ്ടാകുന്നു എന്നതും ഡി.കെയെ സംബന്ധിച്ച് ശുഭസൂചകമാണ്. മാത്രമല്ല കനകപുര മണ്ഡലം രൂപീകരിക്കുന്നതിന് മുമ്പ് നാല് തവണ സതനൂര്‍ മണ്ഡലത്തിന്‍റെ എംഎല്‍എ ആയിരുന്നു എന്നത് സഭയ്‌ക്കകത്ത് ശിവകുമാറിന്‍റെ സീനിയോരിറ്റിയേയും എടുത്തുകാട്ടുന്നു. എല്ലാത്തിലുമുപരി കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഡി.കെ ശിവകുമാറിനെ ഉയര്‍ത്തിക്കാണിച്ചതോടെ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത അല്‍പം കൂടി വര്‍ധിച്ചുവെന്ന് കോണ്‍ഗ്രസ് ഉറച്ചുവിശ്വസിക്കുന്നു. എതിര്‍സ്ഥാനാര്‍ഥിയായി മന്ത്രിയായ ആര്‍ അശോക് എത്തുന്നത് ഡി.കെയ്‌ക്ക് ക്ഷീണമാവില്ലെന്നും വൊക്കലിഗ സമുദായത്തിന്‍റെ പ്രതിനിധി എന്ന ലേബല്‍ വിലപ്പോവില്ലെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
ഡി.കെയ്‌ക്കായി 'ലേഡി ഡി.കെ': സംസ്ഥാന രാഷ്‌ട്രീയത്തിലെ സമുന്നത നേതാവാണെങ്കില്‍ കൂടി ഡി.കെ ശിവകുമാറിന്‍റെ പത്നി ഉഷ ശിവകുമാര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് വളരെ വിരളമാണ്. മുന്‍ തെരഞ്ഞെടുപ്പ് വേളകളിലെല്ലാം ഡി.കെ ശിവകുമാറിനായി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഉഷ എത്തിയിരുന്നെങ്കിലും ഇത്തവണ കുറച്ചധികം ഊര്‍ജത്തോടെയാണ് അവര്‍ കളംപിടിക്കുന്നത്. അമ്മയ്‌ക്കൊപ്പം മകളും ഇത്തവണ അച്ഛനുവേണ്ടി വോട്ടുതേടി പ്രചാരണരംഗത്തുണ്ട്. സംസ്ഥാന കോണ്‍ഗ്രസിന്‍റെ പൂര്‍ണ ചുമതലയുള്ള നേതാവ് എന്ന നിലയിലും താരപ്രചാരകരായെത്തുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സംസ്ഥാനമൊട്ടാകെ പ്രചാരണത്തിന്‍റെ ഭാഗമാവണം എന്നതുകൊണ്ടും ഡി.കെയ്‌ക്ക് സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിന് ആവശ്യമായ സമയം ലഭിക്കാതെ വരുന്നത് പരിഹരിക്കുക കൂടിയാണ് ഉഷ ശിവകുമാര്‍. മണ്ഡലം ഡി.കെയെ കൈവിടില്ലെന്നും കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും ഉറച്ചുവിശ്വസിക്കുന്നതായി ഉഷ ശിവകുമാര്‍ പ്രതികരിച്ചിരുന്നു.
പ്രാദേശിക ആയുധവുമായി ജെഡിഎസ്: കനകപുരയിലെ വിഐപി സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രാദേശിക മുഖത്തെ അവതരിപ്പിച്ച് കളംപിടിക്കുകയാണ് ജെഡിഎസ്. ഇതിനായി നറുക്കുവീണത് കനകപുര നിയോജക മണ്ഡലം മുൻസിപ്പൽ പ്രസിഡന്‍റായിരുന്ന എസ്.നാഗരാജുവിനും. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയിലെ ആഴത്തിലുള്ള ബന്ധം വോട്ടുകളില്‍ പ്രതിഫലിക്കുമെന്ന ഉറച്ചവിശ്വാസത്തില്‍ കനകപുരയില്‍ തിരക്കിട്ട പ്രചാരണത്തിലാണ് ജെഡിഎസ്. ജനത പരിവാര്‍ നേതാവായിരുന്ന പിജിആര്‍ സിന്ധ്യ പലതവണ വിജയിച്ചുവന്ന മണ്ഡലമെന്ന നിലയില്‍ കനകപുരയുടെ പൈതൃകത്തില്‍ ജെഡിഎസിനും വലിയ പങ്കുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായിരുന്ന എച്ച്‌ഡി ദേവഗൗഡ, എച്ച്‌ഡി കുമാരസ്വാമി തുടങ്ങിയ നേതാക്കളും മുമ്പ് സതനൂര്‍ മണ്ഡലമായിരുന്ന സമയത്ത് ജനവിധി തേടിയിരുന്നു എന്നതും ജെഡിഎസിന്‍റെ ആത്മവിശ്വാസത്തിന് ശക്തി നല്‍കുന്നുണ്ട്. മണ്ഡലത്തില്‍ പാരമ്പര്യമായ ഒരു വോട്ടുബാങ്ക് ഇന്നും അവശേഷിക്കുന്നു എന്നത് ഏപ്പോഴോ കൈമോശം വന്നുപോയ ജനപ്രിതീ തിരികെ പിടിക്കാന്‍ സഹായകമാവുമെന്ന വിശ്വാസവും ജെഡിഎസിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവുമൊടുവില്‍ നാരായണ ഗൗഡയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചും കൃത്യമായ പ്രചാരണങ്ങളില്ലാതെയും 47,000 വോട്ടുകള്‍ നേടാനായി എന്ന മുന്‍ കണക്കുകളിലും ജെഡിഎസ് ഉറച്ചുവിശ്വസിക്കുന്നുണ്ട്.
പ്രചാരണച്ചൂട് ഏറെ വര്‍ധിച്ച വേളയില്‍ കനകപുര ആരെ സഭയിലേക്കയയ്‌ക്കുമെന്ന് മെയ് 10 ലെ വോട്ടിങും 13 ലെ വോട്ടെണ്ണലും തീരുമാനിക്കും. നിലവിലെ സാഹചര്യത്തില്‍ കനകപുര നേരിടുന്നത് ത്രികോണ മത്സരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വ്യക്തമായൊരു മേല്‍ക്കൈ ഡി.കെ ശിവകുമാര്‍ നിലനിര്‍ത്തുന്നു എന്നതുതന്നെയാണ് മണ്ഡലം പ്രകടമാക്കുന്ന സൂചനകള്‍.