ബെംഗളൂരു: 136 സീറ്റ് നേടി വന്‍ ഭൂരിപക്ഷത്തില്‍ കര്‍ണാടക ഭരണം കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നാളെ നിയമസഭാകക്ഷി യോഗം ചേരും. സർക്കാർ രൂപീകരണം സംബന്ധിച്ച നിര്‍ണായക തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് യോഗം.
വെറും 65 സീറ്റ് മാത്രം നേടി വന്‍ തോല്‍വിയാണ് സംസ്ഥാന ഭരണകക്ഷിയായ ബിജെപിക്ക് നേരിടേണ്ടിവന്നത്. പഴയ പ്രതാപം തകര്‍ന്നടിഞ്ഞ ഫലമാണ് ജെഡിഎസിനുണ്ടായത്. വെറും 19 സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടിക്ക് ജയിക്കാനായത്.
ഇത് ശോഭയേറിയ വിജയം: 1999ന് ശേഷം കേവലഭൂരിപക്ഷത്തിലധികം സീറ്റുകൾ സ്വന്തമാക്കിക്കൊണ്ടുള്ള ഗംഭീര പ്രകടനമാണ് കര്‍ണാടകയില്‍ കോൺഗ്രസ് നടത്തിയത്. അതും, ഭരണകക്ഷിയായ ബിജെപിയെ ദയനീയ തോൽവിയിലേക്ക് തള്ളിയിട്ടുകൊണ്ടുള്ള ശോഭയേറിയ വിജയം. 1989ന് ശേഷം നടന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും ഭരണകക്ഷിയായ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ തോറ്റ ചരിത്രം മാത്രമാണുള്ളത്.
സംസ്ഥാന നിയമസഭ ചരിത്രത്തില്‍, ആദ്യ ആറ് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും പിന്നീടുള്ള രണ്ട് തെരഞ്ഞെടുപ്പുകളിൽ ജനത പാർട്ടിയും കന്നഡ ഭൂമിക അടക്കിവാണു. വിധാന്‍സൗദയില്‍ ഒരു പാർട്ടിയും ഇന്നേവരെ തുടർച്ചയായി രണ്ടുതവണ ഭരണം നടത്തിയിട്ടില്ല. എന്നാൽ, ഈ പാരമ്പര്യം തകർത്ത് രണ്ടാം തവണയും അധികാരത്തിലെത്താനുള്ള തന്ത്രമാണ് ബിജെപി മെനഞ്ഞത്. പക്ഷേ, ഭരണവിരുദ്ധ വികാരം സുനാമിക്ക് സമാനമായ അനന്തരഫലമാണ് സംസ്ഥാനത്ത് ബിജെപിക്കുണ്ടാക്കിയത്.
സംസ്ഥാന ഭരണ ചരിത്രം: ഒന്നാം നിയമസഭ മുതൽ ആറാം നിയമസഭ വരെ തുടർച്ചയായി കോൺഗ്രസ് വിജയിക്കുകയുണ്ടായി. ഏഴാം നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി കോൺഗ്രസ് പരാജയപ്പെടുകയും ജനത പാർട്ടി സർക്കാർ രൂപീകരിക്കുകയും ചെയ്‌തു. എട്ടാം നിയമസഭ തെരഞ്ഞെടുപ്പില്‍ ജനതാപാർട്ടി അധികാരത്തിൽ തിരിച്ചെത്തി. എന്നാൽ ഒന്‍പതാം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും വിധാന്‍സൗദ പിടിച്ചെടുത്തു. പത്താം നിയമസഭ തെരഞ്ഞെടുപ്പിൽ ജനതാദൾ ഭരണം.
11ാമത് അങ്കത്തില്‍ കോൺഗ്രസ് വിജയിച്ചെങ്കിൽ, 12ാമത് തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ പ്രതിസന്ധിയുണ്ടായി. കോൺഗ്രസ് - ജെഡിഎസ് സഖ്യസർക്കാരും പിന്നീട് ജെഡിഎസ് - ബിജെപി സഖ്യ സർക്കാരും രൂപീകരിച്ചു. 13ാമത് തെരഞ്ഞെടുപ്പിൽ അട്ടിമറിയിലൂടെ ബിജെപി ഭരണം. 14ാം നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. 15-ാം നിയമസഭ തെരഞ്ഞെടുപ്പിൽ ജെഡിഎസ് - കോൺഗ്രസ് സഖ്യ സർക്കാർ. പിന്നീട് അത് തകരുകയും പണംവാരിയെറിഞ്ഞ് ബിജെപി ഭരണം പിടിക്കുകയും ചെയ്‌തു.