ബെംഗളൂരു : സാങ്കേതിക തകരാറിനെ തുടർന്ന് ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കി. ഫ്ലൈ ബൈ വയർ പ്രീമിയർ 1 എ എയർക്രാഫ്‌റ്റാണ് നോസ് ലാൻഡിങ് ഗിയറിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് അടിയന്തരമായി ഇറക്കിയത്. അപ്പ് പൊസിഷനിലെ നോസ് ഗിയർ ഉപയോഗിച്ചാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.
വിമാനം തകരാറിലായപ്പോൾ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നതെന്നും വിമാനത്തിൽ യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ലെന്നും ഡിജിസിഎ അധികൃതർ അറിയിച്ചു. വിമാനം സുരക്ഷിതമായി എയർടേൺബാക്ക് ചെയ്‌തുവെന്ന് ഡിജിസിഎ ഔദ്യോഗിക പ്രസ്‌താവനയിലൂടെയാണ് അറിയിച്ചത്. ആദ്യം പ്ലാൻ ചെയ്യാതെ തന്നെ ഡിപ്പാർച്ചർ എയറോഡ്രോമിൽ ഒരു വിമാനം തിരിച്ചിറങ്ങുന്ന അവസ്ഥയാണ് എയർടേൺബാക്ക്. ടേക്ക് ഓഫ് സമയത്തോ അതിന് ശേഷമോ ഉള്ള അടിയന്തരമോ അല്ലെങ്കിൽ അസാധാരണമോ ആയ സാഹചര്യത്തിലാണ് എയർടേൺബാക്ക് ചെയ്യുന്നത്.
വിമാനം തകർന്നു വീണു : കഴിഞ്ഞ മാസം കർണാടകയിൽ ചാമരാജനഗറിൽ ഐഎഎഫ് ജെറ്റ് വിമാനം തകർന്ന് വീണിരുന്നു. ജില്ലയിലെ കൃഷിയിടത്തിലാണ് ഇന്ത്യൻ വ്യോമസേനയുടെ ചെറുവിമാനം തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുകൾ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായി മനസിലാക്കിയ പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേയ്‌ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
also read : ഐഎഎഫ് ജെറ്റ് വിമാനം തകർന്നു വീണു, പൈലറ്റുമാർ സുരക്ഷിതർ
അടിയന്തരമായി താഴെയിറക്കിയ സംഭവങ്ങൾ : കഴിഞ്ഞ മാസം കർണാടകയിൽ റൺവേയിലെ തകരാർ കാരണം ലാൻഡ് ചെയ്യേണ്ട വിമാനം വഴിതിരിച്ചുവിട്ടിരുന്നു. മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് റൺവേയിലെ തകരാർ മൂലം പിന്നീട് കണ്ണൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തത്.
also read : മോശം കാലാവസ്ഥ; അഹമ്മദാബാദിലേക്കുള്ള ഇൻഡിഗോ വിമാനം പാകിസ്ഥാനിലൂടെ വഴിതിരിച്ചുവിട്ടു
അസം മന്ത്രിമാർ ഉൾപ്പടെ രാഷ്‌ട്രീയ നേതാക്കളുമായി സഞ്ചരിച്ച ഇൻഡിഗോ വിമാനം യന്ത്ര തകരാറിനെ തുടർന്ന് ജൂലൈ നാലിന് അടിയന്തരമായി താഴെയിറക്കിയിരുന്നു. എൽജിബിഐയിൽ നിന്ന് ദിബ്രുഗഡിലേക്ക് പുറപ്പെട്ട വിമാനം തകരാറിനെ തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിലാണ് ഇറക്കിയത്. തകരാർ മൂലം യാത്രക്കാർക്ക് ഏറെനേരം വിമാനത്തിനുള്ളിൽ ഇരിക്കേണ്ട സാഹചര്യമുണ്ടായി.
എഞ്ചിൻ തകരാറിനെ തുടർന്ന് ഈ മാസം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (IGIA) നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്‌ത് ഒരു മണിക്കൂറിന് ശേഷം ഡൽഹി വിമാനത്താവളത്തിൽ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. ഇൻഡിഗോയുടെ ഡൽഹി - ചെന്നൈ വിമാനമാണ് തിരിച്ചിറക്കിയത്. 230 യാത്രക്കാരാണ് വിമാനത്തിൽ സംഭവസമയത്ത് ഉണ്ടായിരുന്നത്.