ബെംഗളുരു: കർണാടക തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വിജയം അവകാശപ്പെട്ട് ബിജെപിയും കോൺഗ്രസും. 58 നഗരസഭകൾ, 57 ഗ്രാമ പഞ്ചായത്തുകൾ, ഉപതെരഞ്ഞെടുപ്പ് നടന്ന 9 നഗരസഭ വാർഡുകളിലെ ഫലം പുറത്തു വരുമ്പോൾ വിജയം അവകാശപ്പെട്ട് ഇരുമുന്നണികളും രംഗത്തെത്തി. 500ൽ അധികം സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപി 434 സീറ്റുകളിൽ ബിജെപിയും ജെഡിഎസ് 45 സീറ്റുകളിലും വിജയിച്ചു. സംസ്ഥാനത്ത് 1,187 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ബങ്കപുര മുനിലിപ്പാലിറ്റി കോൺഗ്രസിന്
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലത്തിലെ ബങ്കപുര മുനിലിപ്പാലിറ്റിയിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിലെത്തി. 14 വാർഡുകളിൽ കോൺഗ്രസും ഏഴിടത്ത് ബിജെപിയും രണ്ട് സീറ്റിൽ സ്വതന്ത്രരും വിജയിച്ചു. ഹവേരി താലൂക്കിലെ ഗുട്ടാല സിറ്റി മുനിസിപ്പൽ കോർപ്പറേഷനിലും കോൺഗ്രസ് വിജയിച്ചു.
ബിജെപിയെ തിരസ്‌കരിച്ചുവെന്ന് സിദ്ധരാമയ്യ
ജനം ബിജെപി സർക്കാരിനെ തിരസ്‌കരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അവകാശപ്പെട്ടു. പണത്തിന്‍റെ സ്വാധീനമുള്ളപ്പോൾ പോലും ബിജെപിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെന്നാണ് ഫലം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് തരംഗം ആഞ്ഞിടിച്ചുവെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.
കർണാടകയിലെ ജനങ്ങളുടെ വികാരമാണ് തെരഞ്ഞെടുപ്പിലൂടെ പുറത്തുവന്നതെന്നും കോൺഗ്രസിന്‍റെയും സംസ്ഥാനത്തെ ജനങ്ങളുടെയും വിജയമാണെന്നും കോൺഗ്രസ് പ്രസിഡന്‍റ് ഡി.കെ ശിവകുമാർ അവകാശപ്പെട്ടു. നഗരങ്ങളും ഗ്രാമങ്ങളും കോൺഗ്രസിനൊപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ അർപ്പിച്ച വിശ്വാസം നിലനിർത്തുമെന്നും ജനങ്ങളുടെ പ്രതീക്ഷക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ വിജയം ഉറപ്പെന്ന് ആവർത്തിച്ച് ബിജെപി
അതേ സമയം ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മറുപടി പറഞ്ഞു. കൂടുതൽ ഗ്രാമപഞ്ചായത്തുകളിലും സിറ്റി കോർപറേഷനുകളിലും ബിജെപിക്ക് വിജയം ഉറപ്പിക്കാനായെന്നും ബിജെപി 2023ൽ ഭരണത്തിൽ തിരിച്ചെത്തുമെന്നും സിദ്ധരാമയ്യ അതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി ബൊമ്മൈ തിരിച്ചടിച്ചു.
ഡിസംബർ 27നാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഫല സൂചികയിൽ ബിജെപിയും കോൺഗ്രസും ശക്തമായ മത്സരമാണ് നഗരസഭകളിൽ കാഴ്‌ച വെച്ചത്.
ALSO READ: മഞ്ഞിൽ കളിച്ച് ഒറിഗോണിലെ ബീവറുകൾ...ദൃശ്യങ്ങൾ കാണാം...