ലഖ്‌നൗ: "അവനെയോര്‍ത്ത് വളരെയധികം അഭിമാനമുണ്ട്. ഒരു സൈനികനെന്ന നിലയിൽ ഉത്തരവാദിത്തം അവൻ നിറവേറ്റി. മാതൃരാജ്യത്തിനാണ് അവൻ ജീവൻ നല്‍കിയത്."- ഇത് പറയുമ്പോള്‍ ആ പിതാവിന്‍റെ കണ്ണുകളില്‍ തിളക്കം മാത്രം. കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റൻ മനോജ് പാണ്ഡെയുടെ അച്ഛൻ ഗോപിചന്ദിന് ഒരു ധീരദേഭാശിമാനിയുടെ അഭിനിവേശമാണ് എന്നും.
കാര്‍ഗിലിന്‍റെ 22മത് വാര്‍ഷിക വേളയിലാണ് മകന്‍റെ ഓര്‍മകള്‍ മാധ്യമങ്ങളുമായി ആ പിതാവ് ഒരിക്കല്‍ കൂടി പങ്കു വച്ചത്. അദ്ദേഹത്തിന് നൂറ് നാവാണ് മകനെ കുറിച്ച് പറയാൻ...
നിരവധി പേര്‍ക്ക് അവൻ പ്രചോദനവുമായി. രാജ്യത്തിന് മുഴുവൻ അഭിമാനിക്കാനുള്ള വിജയമാണ് അവൻ നമുക്ക് നല്‍കിയത്. യുപിയിലെ സൈനിക സ്‌കൂളിന് അവന്‍റെ പേര് നല്‍കിയതില്‍ സന്തോഷം - അദ്ദേഹം പറയുന്നു. ഇന്ത്യക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ നേരിടാൻ കഴിവുള്ളവരാണ് നമ്മുടെ ജവാന്മാര്‍. അതില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കുന്നു. രാജ്യം കാക്കാൻ സൈന്യം ഉള്ളതുകൊണ്ടാണ് നമ്മള്‍ എല്ലാവരും സമാധാനത്തോടെ ഉറങ്ങുന്നത്, ഗോപിചന്ദ് കൂട്ടിച്ചേര്‍ത്തു.
24ാം വയസില്‍ ജീവൻ ബലിനല്‍കി
മാതൃരാജ്യത്തിനായി ജീവൻ ബലിയര്‍പ്പിക്കുമ്പോള്‍ ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡെയ്ക്ക് പ്രായം വെറും 24 വയസ്. രാജ്യം അദ്ദേഹത്തിന് ഏറ്റവും ഉന്നതമായ സൈനിക ബഹുമതിയായ പരംവീര്‍ ചക്ര നല്‍കി ആദരിച്ചു. കശ്‌മീരിലെ ബടാലിക് മേഖലയിൽ നിന്ന് ജൂൺ 11ന് നുഴഞ്ഞു കയറ്റക്കാരെ തുരത്തി തന്ത്രപ്രധാനമായ ജുബർ ടോപ് ഇന്ത്യ തിരിച്ച് പിടിച്ചത് ലഫ്റ്റനന്‍റ് മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
കാര്‍ഗില്‍ വിജയ് ദിവസ്
1999 ജൂലൈ 26നാണ് അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാൻ സൈന്യത്തെ ഇന്ത്യ പരാജയപ്പെടുത്തിയത്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നായിരുന്നു കാര്‍ഗില്‍. അതിശൈത്യത്തിലെ കനത്ത മഞ്ഞിൽ പാകിസ്ഥാനികൾ ഇന്ത്യൻ മണ്ണിലേക്കു നുഴഞ്ഞു കയറി ഏറ്റവും ഉയരമുള്ള സ്ഥലങ്ങളിൽ നിലയുറപ്പിച്ചു. അവിടെനിന്ന് അവർ ഇന്ത്യൻ മിലിട്ടറി വാഹനവ്യൂഹത്തെ ആക്രമിച്ചു. തുടക്കത്തിൽ ഇന്ത്യൻ ഭാഗത്ത് കൂടുതൽ ജവാന്മാർക്കു ജീവൻ നഷ്ടമായെങ്കിലും ശക്തമായി തിരിച്ചടിച്ച് ശത്രുക്കളെ തുരത്തി.
16,000 മുതല്‍ 18,000 അടി വരെ ഉയരമുള്ള മലനിരകളില്‍ നിന്നായിരുന്നു പാക് സൈന്യത്തിന്‍റെ ആക്രമണം. പക്ഷേ നമ്മുടെ ധീരയോദ്ധാക്കള്‍ ഓപ്പറേഷൻ വിജയ്‌ലൂടെ ശത്രുവിന് മറുപടി നല്‍കി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധത്തില്‍ രാജ്യത്തിന് നഷ്ടമായത് 527 സൈനികരെയാണ്.
Also Read: ഓര്‍മകളില്‍ ജീവന്‍ ത്യജിച്ചവര്‍; കാര്‍ഗില്‍ വിജയത്തിന് 22 വയസ്