സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം 'കാന്താര'യിലൂടെ പ്രശസ്‌തനായ നടനാണ് ഋഷഭ് ഷെട്ടി. 'കാന്താര'യിലെ തകർപ്പൻ പ്രകടനത്തിലൂടെ ഋഷഭ് ഷെട്ടി ലോകമെമ്പാട് നിന്നും അഭിനന്ദനപ്രവാഹം ഏറ്റുവാങ്ങിയിരുന്നു. 'കാന്താര'യ്‌ക്ക് ശേഷം ഋഷഭ് എല്ലായിപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ താരം വീണ്ടും വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്. അടുത്തിടെ പ്രക്ഷേപണ, വിവര മന്ത്രാലയം സംഘടിപ്പിച്ച ഒണ്‍പതാമത് സേവ, സുശാന്‍ ഗാരിബ് കല്യാണ്‍ നേഷണല്‍ സമ്മേളനത്തില്‍ ഋഷഭ് ഷെട്ടി പങ്കെടുത്തിരുന്നു. ചടങ്ങില്‍ സന്നിഹിതനായ അദ്ദേഹം ബെംഗളൂരുവിൽ ഫിലിം സിറ്റി വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന് സര്‍ക്കാരിന്‍റെ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
'പ്രേക്ഷകരിലേക്ക് എത്തുക എന്നത് ഒരു വെല്ലുവിളിയാണ്. ഞങ്ങൾക്ക് സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. ബംഗളുരുവിൽ ഒരു ഫിലിം സിറ്റി വേണമെന്ന് ചില അഭ്യർത്ഥനകളുണ്ട്,' -ഇപ്രകാരമാണ് ഋഷഭ് ഷെട്ടി പറഞ്ഞത്.
സംഗീതജ്ഞൻ അമാൻ അലി ബംഗാഷ്, മുൻ ഇന്ത്യൻ ഹോക്കി താരവും ഇന്ത്യൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റനുമായ വിരെൻ റസ്‌ക്വിൻഹ, സഹ സ്ഥാപകൻ സിഎ എക്‌സ്‌പെർട്ട് യശോധര ബജോറിയ, ഇന്ത്യൻ ബോക്‌സർ അഖിൽ കുമാർ എന്നിവരും ഋഷഭിനൊപ്പം സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
'കാന്താര'യ്‌ക്ക് ശേഷം പുതിയ സിനിമകളുമായി മുന്നോട്ടു പോവുകയാണ് ഋഷഭ് ഷെട്ടി. 'വഘച്ചിപാനിയാ'ണ് ഋഷഭിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. സിനിമയുടെ നിര്‍മാണവും ഋഷഭ് തന്നെയാണ് നിര്‍വഹിക്കുന്നത്. നതേഷ് ഹെഗ്‌ഡെയാണ് സിനിമയുടെ സംവിധാനം. ഹെഗ്‌ഡെയുമായി ഇത് രണ്ടാം തവണയാണ് ഋഷഭ് ഷെട്ടി ഒന്നിക്കുന്നത്.
'കാന്താര 2ാം' ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്. 'ചിത്രീകരണത്തിന്‍റെ ഒരു ഘട്ടം മഴക്കാലത്ത് നടത്തേണ്ടതിനാല്‍ ഷൂട്ടിംഗിന് ജൂണ്‍ വരെ കാത്തിരിക്കുന്നത്'- നിര്‍മാതാവ് വിജയ് കിരഗണ്ടൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
2022ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമെന്ന സ്ഥാനവും കാന്താര സ്വന്തമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമായി 450 കോടിയാണ് കാന്താര നേടിയത്. 2022 സെപ്റ്റംബർ 30നാണ് കാന്താര റിലീസായത്.
നടന്‍ ഋഷഭ് ഷെട്ടി തന്നെയായിരുന്നു സിനിമയുടെ സംവിധാനവും നിര്‍വഹിച്ചിരുന്നത്. സിനിമയുടെ കഥ സന്ദർഭത്തിനും അതിശയകരമായ ദൃശ്യങ്ങൾക്കും പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്. ഹോംബാലെ ഫിലിംസ് ആയിരുന്നു നിര്‍മാണം.
അച്യുത്, സപ്‌തമി ഗൗഡ, തെന്നിന്ത്യൻ താരം കിഷോർ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദക്ഷിണ കന്നഡയിലെ സാങ്കൽപ്പിക ഗ്രാമത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ഒരു കംബള ചാമ്പ്യനായാണ് ഋഷഭ് ഷെട്ടി വേഷമിട്ടത്.. ഋഷഭിന്‍റെ കഥാപാത്രം ഒരു ഫോറസ്‌റ്റ് റേഞ്ച് ഓഫീസറുമായി ഏറ്റുമുട്ടുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ കഥ.
കര്‍ണാടകയിലെ ഉടുപ്പി ജില്ലയില്‍ കുന്ദപുര താലൂക്കിലെ കേരാദി ഗ്രാമത്തിലാണ് ഋഷഭ് ഷെട്ടിയുടെ ജനനം. കുന്ദപുരയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷെട്ടി വിജയ കോളജില്‍ ചേര്‍ന്ന് ബി.കോം പൂർത്തിയാക്കി.
നാടകത്തിലൂടെയാണ് സിനിമയിലേയ്‌ക്കുള്ള ഋഷഭ് ഷെട്ടിയുടെ തുടക്കം. കുന്ദപുരയില്‍ യക്ഷഗാനങ്ങള്‍ ചെയ്‌തു കൊണ്ടാണ് അദ്ദേഹത്തിന്‍റെ നാടക യാത്രയ്‌ക്ക് തുടക്കം കുറിച്ചത്. ബംഗളൂരുവിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം നാടകങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു.
Also Read: 'കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം, ഒന്നാം ഭാഗം ഉടന്‍' ; ആരാധകരെ ഞെട്ടിച്ച് ഋഷഭ് ഷെട്ടി