ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ കന്നട ആക്ഷൻ ത്രില്ലർ ചിത്രം കാന്താര റിലീസ് ദിനം മുതൽ ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യദിനം മുതൽ ബോക്‌സോഫിസിൽ വൻ ഹിറ്റായി മാറിയ ചിത്രം ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലും റിലീസിനെത്തിയിരുന്നു. അടുത്തിടെ റിലീസ് ചെയ്‌ത മിക്ക ഹിന്ദി ചിത്രങ്ങളും തിയറ്ററുകളില്‍ പരാജയപ്പെട്ടപ്പോൾ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട് റിലീസ് ചെയ്‌ത കന്നട ചിത്രം കാന്താര ബോക്‌സോഫിസ് റെക്കോഡുകള്‍ തകർത്ത് ബോളിവുഡ് പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
റിലീസ് ചെയ്‌ത് ആദ്യ ദിവസം തന്നെ 1.27 കോടി രൂപയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് കലക്ഷൻ നേടിയത്. എന്നാൽ ഇത് രണ്ടാം ദിവസത്തിന്‍റെ അവസാനമായപ്പോഴേക്കും 2.75 കോടിയായി ഉയർന്നു. മൂന്നാം ദിവസം 3.5 കോടി രൂപയാണ് കാന്താരയുടെ ഹിന്ദി മാർക്കറ്റിലെ ബോക്‌സോഫിസ് കലക്ഷൻ.
വാരാന്ത്യത്തിന് ശേഷം ചിത്രത്തിന്‍റെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടായെങ്കിലും കലക്ഷന് കുറവുണ്ടായില്ല. തുടർന്നുള്ള ദിവസങ്ങളിൽ 1.75 കോടി, 1.88 കോടി, 1.95 കോടി, 1.90 കോടി എന്നിങ്ങനെ ചിത്രം കലക്ഷൻ നേടി.
ബോളിവുഡ് താരം കങ്കണ റണാവത്തും കാന്താരയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സിനിമയുടെ റിവ്യു താരം തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന മൂന്നാമത്തെ കന്നട ചിത്രമാണ് കാന്താര. വെറും 16 കോടി മുതൽമുടക്കിലെടുത്ത ചിത്രം 150 കോടിയിലേറെ നേടിക്കഴിഞ്ഞു.
വടക്കൻ കേരളത്തിന്‍റെ തെയ്യവും ദക്ഷിണ കർണാടകയുടെ ദൈവക്കോലവുമായി ഇടകലർന്ന ആചാരങ്ങളെയും നാടോടിക്കഥകളെയും കൂട്ടിയിണക്കിയ കഥയാണ് കാന്താര. സംവിധാനത്തിനു പുറമെ രചനയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഋഷഭ് ഷെട്ടി നിർവഹിച്ചിട്ടുണ്ട്. കെജിഎഫ് നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് നിർമാണം. ചിത്രത്തിന്‍റെ ഒറിജിനല്‍ കന്നഡ പതിപ്പ് സെപ്റ്റംബര്‍ 30ന് ആയിരുന്നു തിയറ്ററുകളിലെത്തിയത്.