മുംബൈ: അടുത്തിടെ പുറത്തിറങ്ങിയ 'ദി കശ്മീര്‍ ഫയല്‍' എന്ന ചിത്രത്തെ പുകഴ്ത്തി ബോളിവുഡ് നടിയും തീവ്രവലതുപക്ഷ വാദിയുമായ കങ്കണ റണാവത്ത്. കശ്മീരിന്‍റെ ചരിത്രത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രം എല്ലാവരും കാണമെന്ന് കങ്കണ അഭ്യര്‍ത്ഥിച്ചു.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം ബോളിവുഡിലെ മികച്ച ചിത്രമാണെന്നും കങ്കണ അഭിപ്രായപ്പെട്ടു. ബോളിവുഡ് ലോകം സിനിമ ഏറ്റെടുക്കണം. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ബോളിവുഡ് ലോകം തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ചിത്രത്തിന് നികുതി ഇളവ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Also Read: 'ദി കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കണം' : ഉദ്ധവ് താക്കറെയ്‌ക്ക് ബിജെപി എം.എല്‍.എയുടെ കത്ത്
നേരത്തേയും തന്‍റെ സാമൂഹ്യ മാധ്യമ പ്രൊഫൈല്‍ വഴി കങ്കണ ചിത്രത്തെ പുകഴ്ത്തിയിരുന്നു. ലാഭത്തിലുപരി ഉള്ളടക്കത്തില്‍ ശ്രദ്ധ നല്‍കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. മള്‍ട്ടിപ്ലക്സുകളിലും തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നും വലിയ ലാഭം ചിത്രം കൊയ്യുമെന്നും നടി പറഞ്ഞു. 1990-ലെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയാണ് ചിത്രത്തിന്‍റെ ഉള്ളടക്കം.
മാർച്ച് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തില്‍ അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി, ദർശൻ കുമാർ, തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഉത്തർപ്രദേശ്, ത്രിപുര, ഗോവ, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.