ചെന്നൈ: തൻ്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ എതിരാളി ജാതിയാണെന്ന് നടനും മക്കൾ നീതി മയ്യം പ്രസിഡന്‍റുമായ കമൽഹാസൻ. 'മയ്യം', 'നീലം' എന്നിവ തനിക്ക് ഒരേ അർഥമാണെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ചലച്ചിത്ര സംവിധായകൻ പാ രഞ്ജിത്ത് സ്ഥാപിച്ച പുതിയ പുസ്‌തകശാല ചെന്നൈയിലെ എഗ്‌മോറിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എൻ്റെ പ്രധാന രാഷ്ട്രീയ എതിരാളി ജാതിയാണ്. ഇത് ഞാൻ ആദ്യമായി പറയുന്നതല്ല. ഞാൻ ഇത്, എനിക്ക് 21 വയസുള്ളപ്പോൾ പറഞ്ഞതാണ്. എന്നാൽ ഇന്ന് എൻ്റെ അതേ ചിന്തകൾ നല്ല വാക്കുകളാൽ അവതരിപ്പിക്കാൻ ഞാൻ പക്വത കൈവരിച്ചിരിക്കുന്നു', കമല്‍ഹാസന്‍ ചടങ്ങിൽ പറഞ്ഞു. കാലചക്രത്തെപ്പറ്റി മറന്നുപോകരുതെന്നും, ദൈവത്തിൻ്റെ ഏറ്റവും മികച്ച സൃഷ്‌ടി മനുഷ്യരാണെന്നും അദ്ദേഹം പറഞ്ഞു.
'ദൈവത്തിൻ്റെ സൃഷ്‌ടി സ്വയം ആക്രമിക്കുമ്പോൾ അത് നമുക്ക് അംഗീകരിക്കാനാവുന്ന ഒന്നല്ല', കമൽഹാസൻ അഭിപ്രായപ്പെട്ടു. മനുഷ്യർ പരസ്‌പരം ആക്രമിക്കുന്ന ക്രൂരമായ ആയുധമാണ് ജാതിയെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് തലമുറകൾക്ക് മുമ്പ് ജാതിയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്ന് അംബേദ്‌കര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നും അത് നടന്നിട്ടില്ല.
ദലിത് ഐക്കണും ഭരണഘടന ശില്‍പിയുമായ ബാബാസാഹേബ് ഭീംറാവു അംബേദ്‌കറുടെ ചിന്തകളെ വിളിച്ചോതിക്കൊണ്ട് നടന്‍ പറഞ്ഞു.