ചെന്നൈ: മക്കൾ നീതിമയ്യം വൈസ് പ്രസിഡന്റായിരുന്ന ആർ മഹേന്ദ്രനെ ''വഞ്ചകൻ'' എന്ന് വിളിച്ച് കമൽഹാസൻ. പാർട്ടിയിൽ നിന്നും രാജി വച്ച് പുറത്ത് പോയ സാഹചര്യത്തിലാണ് കമൽഹാസന്റെ പരാമർശം. മഹേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും സ്വയം ഒഴിഞ്ഞു പോയത് നന്നായിയെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
ഇനിയും രാജി ഉണ്ടാവും
നിയമസഭാ തെരഞ്ഞടുപ്പിലെ കൂട്ടത്തോൽവിയോടെ പാർട്ടിയിൽ നിന്നും കൂട്ട രാജിയാണുണ്ടാകുന്നത്. പാർട്ടിക്കകത്ത് ജനാധിപത്യമില്ലെന്നും കമൽഹാസനെ ഒരു വിഭാഗമാളുകൾ തെറ്റായ പാതയിലാണ് നയിക്കുന്നതെന്നും ആരോപിച്ചാണ് ആർ മഹേന്ദ്രന്റെ രാജി. വരും ദിവസങ്ങളിൽ മറ്റു ഭാരവാഹികളും രാജിവെച്ചേക്കുമെന്നാണ് സൂചന. ഇത്തവണ കോയമ്പത്തൂർ സൗത്തിലെ കമൽഹാസന്റെ പരാജയം കനത്ത തിരിച്ചടിയായിരുന്നു.
ഭൂരിഭാഗം മണ്ഡലങ്ങളിലും പാർട്ടി നാല്, അഞ്ച് സ്ഥാനങ്ങളിലേക്കാണ് പിന്തള്ളപ്പെട്ടത്. ഒന്നര വർഷം മുമ്പാണ് മക്കൾ നീതി മയ്യം കമൽഹാസൻ രൂപവൽകരിച്ചത്. പിന്നീട് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നഗരങ്ങളിൽ മികച്ച പ്രകടനമാണ് പാർട്ടി കാഴ്ചെവച്ചത്. കോയമ്പത്തൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച ആർ.മഹേന്ദ്രന് ഒന്നര ലക്ഷത്തോളം വോട്ടുകൾ ലഭിച്ചിരുന്നു.