ചെന്നൈ : ഡിഎംകെ എംപി കനിമൊഴിയ്‌ക്ക് യാത്ര ടിക്കറ്റ് നല്‍കിയ സംഭവത്തിന് പിന്നാലെ ജോലി നഷ്‌ടപ്പെട്ട വനിത ഡ്രൈവര്‍ക്ക് കാര്‍ സമ്മാനമായി നല്‍കി സിനിമ നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. കോയമ്പത്തൂര്‍ സ്വദേശിനിയായ ശര്‍മിളയ്‌ക്കാണ് താരം കാര്‍ നല്‍കിയത്.
പ്രതികരണവുമായി കമല്‍ഹാസന്‍ : കോയമ്പത്തൂരിലെ ആദ്യ വനിത ബസ് ഡ്രൈവരാണ് ശര്‍മിളയെന്നും അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും കമല്‍ ഹാസന്‍ പറഞ്ഞു. സമപ്രായക്കാര്‍ക്ക് ശര്‍മിളയൊരു മാതൃകയാണ്. സമൂഹത്തില്‍ ഇനിയും നിരവധി ശര്‍മിളമാര്‍ ഉണ്ടാകണമെന്നും താരം പറഞ്ഞു. ശര്‍മിള വെറുമൊരു ഡ്രൈവര്‍ മാത്രമായി തുടരേണ്ടയാളല്ല. താന്‍ സമ്മാനമായി നല്‍കിയ കാര്‍ ശര്‍മിള ടാക്‌സിയായി ഉപയോഗിക്കട്ടെ. സ്വന്തം വാഹനം കൊണ്ട് ജീവിതം മുന്നോട്ട് നയിക്കട്ടെയെന്നും കമല്‍ഹാസന്‍ പറഞ്ഞു.
എംപിയെത്തി പ്രശംസിച്ചു, പിന്നാലെ ജോലി പോയി : ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് (ജൂണ്‍ 24) ശര്‍മിളയുടെ ജോലി നഷ്‌ടപ്പെടാന്‍ കാരണമായ സംഭവം ഉണ്ടായത്. ഡിഎംകെ എംപിയും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴി, ശര്‍മിള ജോലി ചെയ്യുന്ന ബസില്‍ കയറി. കോയമ്പത്തൂരിലെ ആദ്യ വനിത ഡ്രൈവറായ 24 കാരിയായ ശര്‍മിളയെ നേരിട്ട് അഭിനന്ദിക്കാനെത്തിയതായിരുന്നു എംപി.
ഗാന്ധിപുരത്ത് നിന്ന് കോയമ്പത്തൂരിലെ പീളമേട്ടിലേക്കുള്ള സര്‍വീസിനിടെയാണ് എംപി ശര്‍മിളയെ ആദരിക്കാനെത്തിയത്. ബസില്‍ കയറിയ എംപി ശര്‍മിളയെ അഭിനന്ദിക്കുകയും സമ്മാനം നല്‍കുകയും ചെയ്‌തു. ഇതിന് പിന്നാലെ യാത്ര തുടര്‍ന്നപ്പോള്‍ ബസിലെ കണ്ടക്‌ടറെത്തി എംപിയോട് ടിക്കറ്റ് ആവശ്യപ്പെട്ടു.
എംപിയോട് കണ്ടക്‌ടര്‍ ടിക്കറ്റ് ആവശ്യപ്പെട്ടെന്ന് ബസ് ഉടമയോട് പരാതി പറയാനെത്തിയ ശര്‍മിളയെ ബസ് ഉടമ ശകാരിക്കുകയായിരുന്നു. എംപിയുടെ സന്ദര്‍ശനത്തെ കുറിച്ച് നേരത്തെ ഉടമയെ അറിയിക്കാത്തതാണ് പ്രകോപനത്തിന് കാരണമായത്. സ്വന്തം പ്രശസ്‌തിക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ഓരോ പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും ഇനി മുതല്‍ ബസില്‍ ജോലി ചെയ്യേണ്ടതില്ലെന്നും ഉടമ പറഞ്ഞു.
പ്രമുഖ വ്യക്തികളെ ബസിൽ യാത്ര ചെയ്യാൻ ക്ഷണിച്ച് ശര്‍മിള പബ്ലിസിറ്റിക്ക് ശ്രമിച്ചെന്ന് ഉടമ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ ശര്‍മിളയ്‌ക്ക് സംരക്ഷണം നല്‍കുമെന്നും പുതിയ ജോലി നല്‍കുമെന്നും കനിമൊഴി എംപി ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്മാനവുമായി കമല്‍ഹാസന്‍ എത്തിയത്.