ചെന്നൈ: ലൈംഗിക അതിക്രമ പരാതിയിൽ ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി മാനേജ്‌മെന്‍റ് രൂപീകരിച്ച് കലാക്ഷേത്ര നൃത്തവിദ്യാലയം. ചെന്നൈ കലാക്ഷേത്രയിലെ രുക്‌മിണി ദേവി കോളജ് ഓഫ് ഫൈൻ ആർട്‌സിലെ പ്രൊഫസർക്കെതിരായ ലൈംഗികാരോപണ കേസ് അന്വേഷിക്കുന്നതിനാണ് മാനേജ്‌മെന്‍റ് ഇന്റേണൽ കംപ്ലയിന്‍റ് കമ്മിറ്റി രൂപീകരിച്ചത്. വിരമിച്ച ഹൈക്കോടതി ജഡ്‌ജി, മുൻ ഡിജിപി, പ്രമുഖ ഡോക്‌ടർ എന്നിവരടങ്ങിയതാണ് ഈ സമിതി. കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെ ലൈംഗികാരോപണം നേരിടുന്ന മലയാളി നൃത്ത അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.
കലാക്ഷേത്ര പീഡന പരാതി, നൃത്ത അധ്യാപകൻ പിടിയിൽ: ലൈംഗിക അതിക്രമ കേസിൽ കലാക്ഷേത്രയിലെ മലയാളി നൃത്ത അധ്യാപകനായ ഹരി പത്മനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം സ്വദേശിയാണ് പിടിയിലായ അധ്യാപകൻ. കോളജിലെ പൂർവ വിദ്യാർഥിനിയാണ് അധ്യാപകനെതിരെ പീഡന ആരോപണം ഉന്നയിച്ചത്. അഡയാർ വനിത പൊലീസാണ് അധ്യാപകനെതിരെ കേസ് എടുത്തത്.
ഹരി പത്മനുൾപ്പെടെ നാല് അധ്യാപകർക്കെതിരെയാണ് പരാതി. സഞ്ജിത്ത് ലാൽ, സായ് കൃഷ്‌ണൻ, ശ്രീനാഥ് എന്നിവരാണ് പീഡന ആരോപണം നേരിടുന്ന മറ്റ് മൂന്ന് അധ്യാപകർ പീഡന ആരോപണം നേരിടുന്നവർക്കെതിരെ ഉടൻ നടപടി ഉണ്ടായേക്കും. ഹരി പത്മനെതിരെയുള്ള പരാതിയിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ തമിഴ്‌നാട് അന്വേഷണ സംഘം കേരളത്തിൽ എത്തിയിട്ടുണ്ട്.
ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി മാനേജ്‌മെന്‍റ് : സംഭവത്തിൽ ഇന്നലെ കലാക്ഷേത്ര ഫൗണ്ടേഷൻ ബോർഡ് യോഗം ചേർന്നിരുന്നു. യോഗത്തിൽ സംഭവത്തെ കുറിച്ച് അവലോകനം ചെയ്യുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിക്കാൻ ബോർഡ് തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. ജസ്റ്റിസ് (റിട്ട.) കെ കണ്ണൻ, തമിഴ്‌നാട് മുൻ ഡിജിപി ലതിക ശരൺ, ഡോ. ശോഭ വർത്തമാൻ എന്നിവരടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത്.
കൂടാതെ, മാനേജ്‌മെന്‍റ് ഇന്റേണൽ കംപ്ലയിന്‍റ് കമ്മിറ്റി (ഐസിസി) ശക്തിപ്പെടുത്തുന്നതിനായി ഒരു പുതിയ സ്റ്റുഡന്‍റ് കൗൺസിലറെയും നിയമിച്ചേക്കും. പുനക്രമീകരിച്ച പരീക്ഷകളിൽ പങ്കെടുക്കണമെന്ന് ബോർഡ് വിദ്യാർഥികളോട് അഭ്യർഥിച്ചു. കലാക്ഷേത്ര ഫൗണ്ടേഷൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുകയും അതിനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ പൂർണമായും പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ബോർഡ് പ്രസ്‌താവിച്ചു.
ആരോപണ വിധേയർക്ക് വിലക്ക്: ലൈംഗികാതിക്രമം ആരോപിക്കപ്പെട്ട മൂന്ന് ഫാക്കൽറ്റി അംഗങ്ങളെ കോളജ് പരിസരത്ത് പ്രവേശിപ്പിക്കരുതെന്ന് തമിഴ്‌നാട് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ എഎസ് കുമാരി കലാക്ഷേത്ര മാനേജ്‌മെന്‍റിന് നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ എഎസ് കുമാരി വിദ്യാർഥികളെ അറിയിച്ചിരുന്നു.
വിദ്യാർഥികളുടെ പ്രതിഷേധം: പ്രതിഷേധത്തിന് മുന്നോടിയായി രൂപീകരിച്ച കലാക്ഷേത്ര വിദ്യാര്‍ഥി യൂണിയൻ കുറ്റാരോപിതനായ പ്രൊഫസർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം നടത്തുകയായിരുന്നു. എസ്‌സിഡബ്ല്യു യോഗത്തിന് ശേഷമാണ് പ്രതിഷേധം പിൻവലിച്ചത്. സമരം പിൻവലിച്ചെന്ന് അറിയിച്ച് വിദ്യാർഥികൾ വീഡിയോയും പുറത്തുവിട്ടു.