ഹനമകൊണ്ട (തെലങ്കാന): തെലങ്കാനയിലെ ഹനമകൊണ്ട ജില്ലയിൽ വാറംഗലിലെ കാകതിയ യൂണിവേഴ്‌സിറ്റിയിലെ 78 വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്‌തു. സർവകലാശാലയിൽ റാഗിംങിൽ ഏർപ്പെട്ടതിനെ തുടർന്നാണ് സസ്‌പെൻഷൻ. ഒരാഴ്‌ച കാലയളവിലേക്കാണ് റാഗിങ് നടത്തിയ വിദ്യാർഥിനികളെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്.
കൊമേഴ്‌സ്, സുവോളജി, എക്കണോമിക്‌സ് വിഭാഗങ്ങളിലെ 78 വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്‌തതായി യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ ഡയറക്‌ടർ ആചാര്യ വൈ വെങ്കയ്യ ആണ് അറിയിച്ചത്. ജൂനിയർ വിദ്യാർഥികളിൽ നിന്നും ലഭിച്ച പരാതികളെ തുടർന്നാണ് കൂട്ട സസ്‌പെൻഷൻ. സർവ്വകലാശാലയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വിദ്യാർഥികളെ ഒരേസമയം സസ്‌പെൻഡ് ചെയ്യുന്നത്.
കഴിഞ്ഞ ബുധനാഴ്‌ചയാണ് (ഡിസംബര്‍ 20) സർവകലാശാലയിൽ വിദ്യാർഥികളെ റാഗിങ് നടത്തിയത്. ഒറിയന്‍റേഷൻ പ്രോഗ്രാമിന്‍റെ പിറ്റേ ദിവസമാണ് പിജി അവസാന വർഷ വിദ്യാർഥികൾ ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്‌തത്.വിവരം അറിഞ്ഞ ഉടൻ തന്നെ സർവ്വകലാശാല അധികൃതർ ഉടൻ പ്രതികരിക്കുകയും റാഗിംങിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുകയും ചെയ്‌തു.
പിജി അവസാന വർഷ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗിങിന് ഇരയാക്കിയതായും യൂണിവേഴ്‌സിറ്റി പ്രൊഫസർമാരുമായും ഉദ്യോഗസ്ഥരുമായും ഉള്ള പരിചയത്തിന്‍റെ പേരിൽ ഭീഷണിപ്പെടുത്തുന്നതായും സംഭവത്തെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സർവകലാശാലയിലെ ആന്‍റി റാഗിംങ് കമ്മിറ്റി തിരിച്ചറിഞ്ഞു.
പ്രധാനമായും പത്മാവതി വനിതാ ഹോസ്റ്റലിൽ റാഗിംങ് നടത്തിയ വിദ്യാർത്ഥിനികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. യൂണിവേഴ്‌സിറ്റിയിലെ എല്ലാ ഡിപ്പാർട്ട്‌മെന്‍റുകളിലും റാഗിംഗ് നടന്നതായാണ് കണ്ടെത്തൽ. റാഗിങിൽ മറ്റേതെങ്കിലും വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിന്‍റെ വിശദാംശങ്ങൾ ശേഖരിച്ച് വരികയാണെന്നും കൃത്യമായ തെളിവുകൾ ലഭിച്ചാൽ അവരെയും സസ്പെൻഡ് ചെയ്യുമെന്നും ആചാര്യ വൈ വെങ്കയ്യ പറഞ്ഞു.
കൃത്യമായ തെളിവുകൾ ഹാജരാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കാകതിയ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ പറഞ്ഞു. റാഗിംഗ് തടയുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യുജിസി റാഗിംഗ് വിരുദ്ധ നയങ്ങൾ ഫലപ്രദമായി നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത ഈ സംഭവം ഉയർത്തിക്കാട്ടുന്നതായും അദ്ദേഹം പറഞ്ഞു.
Also read: ട്രക്ക് ഡ്രൈവറെ മർദിച്ച വനിത പൊലീസിന് സസ്‌പെൻഷൻ ; തെളിവായത് വൈറലായ വീഡിയോ