ന്യൂഡൽഹി : അഫ്‌ഗാനില്‍ താലിബാൻ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വ്യവസായി ബൻസാരി ലാൽ അരേന്ദയെ മോചിപ്പിച്ചു. ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്‍റ് പുനീത് സിങ് ചന്ദോക്കാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഭരണമേറ്റെടുത്തതിന് ശേഷം കാബൂളിൽ നിന്നും സെപ്‌റ്റംബർ 14 നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.
കാബൂളില്‍ നിന്നും തോക്കുചൂണ്ടിയാണ് 50 വയസുള്ള ബൻസാരിയെ താലിബാന്‍ തട്ടിക്കൊണ്ടുപോയത്. നിലവില്‍ അദ്ദേഹം ജ്യേഷ്‌ഠന്‍ അശോക് ലാലിനൊപ്പമാണുള്ളത്. ഇതേക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും വിഷയത്തിൽ കൂടുതൽ ഇടപെടല്‍ നടത്താന്‍ മന്ത്രാലയത്തോട് അഭ്യർഥിച്ചതായും ചാന്ദോക്ക് പറഞ്ഞു.
ALSO READ: സിറിയയിൽ യു.എസ് ഡ്രോൺ ആക്രമണം; മുതിർന്ന അൽ-ഖ്വയ്‌ദ നേതാവ് സലിം അബു കൊല്ലപ്പെട്ടു
അതേസമയം, വ്യവസായിയുടെ മോചനത്തിന് മന്ത്രാലയം ആശംസകൾ അറിയിച്ചു. രാവിലെ തന്‍റെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയിലാണ് ബൻസാരിയെ സംഘം പിടിച്ചുകൊണ്ടുപോയത്. ഇയാളുടെ കുടുംബം ന്യൂഡൽഹിയിലാണുള്ളത്. ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ വ്യാപാരമായിരുന്നു, അദ്ദേഹം കാബൂളില്‍ നടത്തിവന്നിരുന്നത്.