ന്യൂഡല്‍ഹി: കേന്ദ്ര വ്യോമയാന മന്ത്രിയായി ജ്യോതിരാദിത്യ സിന്ധ്യ ചുമതലയേറ്റു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ സിന്ധ്യയ്ക്ക് 30 വർഷം മുൻപ് പിതാവ് മാധവ്റാവു സിന്ധ്യ വഹിച്ചിരുന്ന പദവിയാണ് ലഭിച്ചിരിക്കുന്നത്.
പിതാവിന്‍റെ പാതയില്‍ മകനും
ഗ്വാളിയാറിലെ രാജകുടുംബമായ സിന്ധ്യ, 2002 ല്‍ പിതാവ് മാധവ്റാവു സിന്ധ്യയുടെ വിയോഗത്തെ തുടര്‍ന്നാണ് പാര്‍ലമെന്‍റിലെത്തുന്നത്. 2007 മുതല്‍ 2014 വരെ യുപിഐ സര്‍ക്കാരില്‍ മന്ത്രിസഭാംഗമായിരുന്നു. ഇക്കാലയളവില്‍ വാര്‍ത്താവിനിമയ, ഊര്‍ജ വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ വിശ്വസ്‌തനും ഒരു കാലത്ത് മധ്യപ്രദേശിൽ കോണ്‍ഗ്രസിന്‍റെ മുഖവുമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് മാര്‍ച്ച് 2020 ലാണ് സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നത്. പിതാവ് ജന്‍ സംഘില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയപ്പോള്‍ മകന്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.
വ്യോമ മേഖലയിലെ വെല്ലുവിളികള്‍
പുതിയ സിവിൽ ഏവിയേഷൻ മന്ത്രിയായി ചുമതലയേറ്റ ജ്യോതിരാദിത്യ സിന്ധ്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികളാണ്. കൊവിഡിന്‍റെ സാഹചര്യത്തിൽ വ്യോമയാന മേഖല കനത്ത സാമ്പത്തിക നഷ്‌ടത്തിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൊവിഡ് മൂലം ആയിരക്കണക്കിന് ജീവനക്കാർക്കാണ് ഈ മേഖലയിൽ ജോലി നഷ്‌ടമായത്.
Also read: ജ്യോതിരാദിത്യ സിന്ധ്യയെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികൾ