ന്യൂ ജെഴ്‌സി: പൊതുജനത്തിന് ഏറ്റവും വേഗത്തിലുള്ള നീതി ലഭ്യമാകണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ഒരാള്‍ ജഡ്‌ജിയായി സ്ഥാനമേൽക്കുമ്പോള്‍ നീതി ഉയർത്തി പിടിക്കണം. ജഡ്‌ജിമാർ രാഷ്‌ട്രീയ കാഴ്‌ചപ്പാടുകൾ കണക്കിലെടുക്കാതെ പ്രവർത്തിക്കുന്നവരാണെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
അമേരിക്കയിലെ ന്യൂ ജെഴ്‌സിയിൽ തെലുങ്ക് കമ്മ്യൂണിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ചീഫ് ജസ്‌റ്റിസിന്‍റെ പ്രതികരണം. ജുഡീഷ്യറിയിലെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കുകയാണ്. സുപ്രീംകോടതിയിലെ ഒഴിവുകളും ഉടൻ നികത്തുമെന്നും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി.
എല്ലാവരിലും തുല്യത കണ്ടെത്താൻ ശ്രമിക്കണം. പ്രസിഡന്‍റിനെ കണ്ടാലും സാധാരണ ജീവനക്കാരനെ കണ്ടാലും തന്‍റെ പെരുമാറ്റം ഒരുപോലെ ആയിരിക്കും. ഐക്യത്തോടെ എല്ലാവരെയും ബഹുമാനിക്കണമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
താനൊരു കർഷക കുടുംബത്തിൽ നിന്നാണ് വന്നത്. തന്‍റെ കുടുംബത്തിൽ ആരും ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നില്ല. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിൽ നിന്ന് ഉയർന്ന തലത്തിലെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കനായി ജനിച്ചതിൽ അഭിമാനമുണ്ടെന്നും ജസ്റ്റിസ് എൻ.വി രമണ പ്രതികരിച്ചു.