ലഖ്‌നൗ : മുസ്ലിം വയോധികനെ മര്‍ദിച്ച സംഭവത്തില്‍ വാര്‍ത്ത നല്‍കിയ ദി വയറിനും, പ്രതികരണങ്ങള്‍ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സ്.
അബ്ദുള്‍ സമദ് എന്ന വയോധികനെ മര്‍ദിക്കുകയും ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ദി വയറിനെതിരെയും യുപി പൊലീസ് കേസെടുത്തത്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയിലൂടെ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഇന്ത്യൻ വിമൻസ് പ്രസ് കോര്‍പ്സ് ആരോപിച്ചു. ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താൻ പൊലീസ് ശ്രമിക്കണം.
മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ കേസുകള്‍ റദ്ദാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടു.
ALSO READ: വയോധികനെ മര്‍ദിച്ചതിലെ എഴുത്തുകള്‍ : ട്വിറ്റർ ഇന്ത്യയ്ക്കും ദി വയറിനുമെതിരെ കേസ്
മാധ്യമപ്രവർത്തകരെ ഒറ്റപ്പെടുത്താനും ആക്രമിക്കാനുമുള്ള ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാൻ എല്ലാ മാധ്യമപ്രവര്‍ത്തകരോടും ഐഡബ്ല്യുപിസി ആവശ്യപ്പെട്ടു. ജൂണ്‍ 15നാണ് വയോധികനെ മര്‍ദിച്ച ദൃശ്യം പ്രചരിപ്പിച്ചതിന് ട്വിറ്റർ ഇന്ത്യ, ദി വയർ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കെതിരെ യുപി പൊലീസ് കേസെടുത്തത്.
മാധ്യമ പ്രവര്‍ത്തകരായ റാണ അയ്യൂബ്, മുഹമ്മദ് സുബൈർ, സബ നഖ്‌വി, കോണ്‍ഗ്രസ് നേതാക്കളായ ഡോ. ഷമ മുഹമ്മദ്, മസ്‌കൂർ ഉസ്മാനി, സൽമാൻ നിസാമി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ട്വിറ്റര്‍ ഇന്ത്യയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.