ന്യൂഡല്‍ഹി: ഒറ്റ ഡോസ് കൊവിഡ് പ്രതിരോധ മരുന്ന് ഗവേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് അമേരിക്കൻ മരുന്ന് കമ്പനി ജോൺസണ്‍ ആൻഡ് ജോണ്‍സണ്‍. ജാൻസെൻ കൊവിഡ് വാക്‌സിൻ എന്ന പേരിലാണ് കമ്പനി മരുന്ന് നിര്‍മിക്കുന്നത്. ലോകത്തെല്ലായിടത്തേക്കും വിതരണം ചെയ്യാൻ കഴിയുന്ന ഫലപ്രദവും സുരക്ഷിതവുമായി മരുന്ന് നിര്‍മിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ അനുമതിയോടെ രാജ്യത്ത് മരുന്ന് പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതിയാണ് സര്‍ക്കാരിനോട് തേടിയതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
അമേരിക്ക, യൂറോപ്യൻ യൂണിയൻ, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ജാൻസെൻ വാക്സിൻ നിലവിൽ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ രണ്ട് അംഗീകൃത വാക്സിനുകളാണ് ഉപയോഗത്തിലുണ്ട്. ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത മരുന്നും ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത മരുന്നുമാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.
രോഗികളുടെ എണ്ണത്തിലെ വർധനവും സംസ്ഥാനങ്ങളിൽ നിന്നുള്ള ആവശ്യകതയും വര്‍ധിച്ചതോടെ രാജ്യം മരുന്ന് നിര്‍മാണത്തിന്‍റെ അളവ് ഉയര്‍ത്താൻ ശ്രമിക്കുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.20 ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 9,10,319 ലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,258 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്. ആകെ 1,18,51,393 രോഗികളാണ് രാജ്യത്ത് കൊവിഡ് മുക്തി നേടിയത്. 91.67 ശതമാനമാണ് രോഗമുക്തി നിരക്ക്.