ശ്രീനഗർ : കശ്‌മീർ പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ സംഘത്തിൽപ്പെട്ട ഭീകരൻ ബിട്ട കരാട്ടെയുടെ ഭാര്യ ഉൾപ്പടെ നാല് സർക്കാർ ജീവനക്കാരെ ജമ്മു കശ്മീർ സർക്കാർ ശനിയാഴ്‌ച പിരിച്ചുവിട്ടു. കരാട്ടെയുടെ ഭാര്യയും ജമ്മു കശ്മീർ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (ജെകെഎഎസ്) ഉദ്യോഗസ്ഥയുമായ അസബാഹ് അർസൂമന്ദ് ഖാൻ, കശ്മീർ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ മുഹീത് അഹമ്മദ് ഭട്ട്, കശ്‌മീർ യൂണിവേഴ്‌സിറ്റിയിലെ സീനിയർ അസിസ്റ്റന്‍റ് പ്രൊഫസർ മാജിദ് ഹുസൈൻ ഖാദ്രി, ജമ്മു കശ്മീർ എന്‍റർപ്രണർഷിപ്പ് ഡെവലപ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഐടി മാനേജർ സയ്യിദ് അബ്ദുൾ മുഇദ് എന്നിവരെയാണ് പിരിച്ചുവിട്ടത്.
തീവ്രവാദ ബന്ധത്തിന്‍റെ പേരിൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരമാണ് നാല് പേരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടതെന്ന് അധികൃതർ അറിയിച്ചു. ഹിസ്ബുൾ മുജാഹിദീൻ സയ്യിദ് സലാഹുദ്ദീന്‍റെ മകൻ അസ്സബാഹ് അർസൂമന്ദിന്‍റെ മകനാണ് സയ്യിദ് അബ്ദുൾ മുഇദ്.
അതേസമയം ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ സർക്കാർ ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരം ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുകയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരം സർക്കാരിന് ജീവനക്കാരെ അന്വേഷണമില്ലാതെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ സാധിക്കും.
കഴിഞ്ഞ വർഷം ജൂലൈയിൽ സയ്യിദ് സലാഹുദ്ദീന്‍റെ രണ്ട് ആൺമക്കൾ ഉൾപ്പടെ 11 സർക്കാർ ജീവനക്കാരെ ദേശവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്‍റെ പേരിൽ പിരിച്ചുവിടാൻ ലഫ്റ്റനന്‍റ് ഗവർണർ സിൻഹ ഉത്തരവിട്ടിരുന്നു. 2021 ഒക്ടോബറിൽ ജമ്മു കശ്മീരിലെ സർക്കാർ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്‍ററിൽ നിന്ന് വിഘടനവാദിയായ സയ്യിദ് അലി ഷാ ഗീലാനിയുടെ ചെറുമകൻ അനീസ് ഉൽ ഇസ്ലാമിനെയും പിരിച്ചുവിട്ടിരുന്നു.
2021 മെയിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ശ്രീ നഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മെഡിക്കൽ അസിസ്റ്റന്‍റായിരുന്ന സയ്യിദ് ഷക്കീൽ യൂസഫ്, കൃഷി വകുപ്പിൽ ജോലി ചെയ്തിരുന്ന സയ്യിദ് ഷാഹിദ് യൂസഫ് എന്നിവരുൾപ്പടെ മൂന്ന് പേരെയും പിരിച്ചുവിട്ടിരുന്നു.