റാഞ്ചി: ജാര്‍ഖണ്ഡിന്‍റെ തലസ്ഥാന നഗരമായ റാഞ്ചിയില്‍ നിന്നും വെറും 40 കിലോമീറ്റര്‍ മാത്രം അകലയാണ് ഖുംതി ജില്ല. റോഡ്, ജല -വൈദ്യുതി പ്രശ്‌നങ്ങള്‍ നേരിടുന്ന മേഖലയാണ് ഈ നക്‌സല്‍ ബാധിത പ്രദേശം. ഖുംതിയിലെ മിര്‍ഹു ബ്ലോക്കിലെ ഒരു ഗ്രാമമാണ് കുഞ്ജ്‌രംഗ്. ഇവിടുത്തെ ജനങ്ങള്‍ തലമുറകളായി കുടിവെളള പ്രശ്നം നേരിടുന്നവരാണ്.
എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് നേരെ കയ്യുംകെട്ടി വെറുതെയിരിക്കാന്‍ ചദ്ദ പഹാന്‍ എന്ന വ്യക്തി തയ്യാറല്ല. രോഗിയായ ചദ്ദയുടെ ഭാര്യക്ക് കിലോമീറ്ററുകള്‍ നടന്ന് മല കയറി വേണം വെള്ളം വീട്ടിലെത്തിക്കാന്‍ .ഗ്രാമവവാസികളുടെയും അവസ്ഥ ഇതുതന്നെയാണ്. ഒരിക്കല്‍ വിറക് ശേഖരിക്കാന്‍ മല മുകളില്‍ പോയ ചദ്ദ പാറയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നത് കണ്ടു. അതോടെ മല മുകളില്‍ കിണര്‍ കുഴിച്ച് വെള്ളം പൈപ്പിലൂടെ നേരിട്ട് ഗ്രാമത്തിലേക്ക് എത്തിച്ചൂകൂടെയെന്നായി ചിന്ത. അങ്ങനെ ഒരു ഉളിയും ചുറ്റികയും ഉപയോഗിച്ച് മല കുഴിക്കാന്‍ ഇറങ്ങിത്തിരിച്ചു.
ചദ്ദയുടെ വീട്ടില്‍ നിന്നും ഏതാണ്ട് 500 മീറ്റര്‍ അകലെയാണ് ഈ മല. ഒരു വര്‍ഷമെടുത്താണ് ചദ്ദ 250 അടി ഉയരമുള്ള മലയില്‍ കിണര്‍ കുഴിച്ചെടുത്തത്. എന്നാല്‍ ബന്ധുക്കളോ ഗ്രാമവാസികളോ അദ്ദേഹത്തെ സഹായിക്കാന്‍ എത്തിയില്ല. ചദ്ദയുടെ ശ്രമഫലമായി വൈദ്യുതിയോ ഒരു മോട്ടോര്‍ പമ്പോ ഇല്ലാതെ ഗ്രാമവാസികള്‍ക്ക് ഇന്ന് 24 മണിക്കൂറും വെള്ളം ലഭ്യമാണ്. എന്നാല്‍ വേനലായാല്‍ സ്ഥിതി പഴയ പടിയാകും. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഗ്രാമത്തിലെ ഓരോ മനുഷ്യരും പാറ വെട്ടി കിണര്‍ കുഴിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ ഇവരുടെ പ്രശ്‌നങ്ങള്‍ ഏളുപ്പത്തില്‍ പരിഹാരമുണ്ടാക്കാം. ഒരു സാധാരണ ആദിവാസി യുവാവായ ചദ്ദ പഹാന്‍ ചെയ്തത് അത്‌ഭുത പ്രവര്‍ത്തി തന്നെയാണ്. മല വെട്ടി ഭാര്യയ്‌ക്ക് റോഡ് നിര്‍മിച്ച ബിഹാറിലെ ദശരഥ് മാജിയുടെ കഥയുമായി ചദ്ദയുടെ ജീവിതത്തിനും സാമ്യമുണ്ട്.