ധന്‍ബാദ് (ജാര്‍ഖണ്ഡ്): ചെറുവിമാനം തകർന്നുവീണ് പൈലറ്റിനും കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. ജാർഖണ്ഡിലെ ബർവാദ്ദ എയറോഡ്രോമിൽ നിന്നും വ്യാഴാഴ്‌ച ഉച്ചയോടെ പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്. സിറ്റി സ്‌കൈലൈനിന് മുകളിലൂടെ പറന്നുയര്‍ന്നതിന് ശേഷം തകരാർ ഉണ്ടാവുകയും വിമാനം ജനവാസ മേഖലയിലേക്ക് ഇടിച്ചിറങ്ങുകയുമായിരുന്നു.
ചെറുവിമാനം റസിഡൻഷ്യൽ കോളനിയിലേക്ക് ഇടിച്ചുകയറിയ ശബ്‌ദം കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും പ്രദേശവാസികളും ചേര്‍ന്ന് പൈലറ്റും ഒരു കുട്ടിയുമുള്‍പ്പടെ പരിക്കേറ്റ രണ്ടുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ വിമാനം തകര്‍ന്നു. അപകടസ്ഥലത്തേക്കെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പൊലീസ് ഏറെ ബുദ്ധിമുട്ടി. ബർവാദ്ദ എയറോഡ്രോമിൽ നിന്ന് പറന്നുയർന്നതിന് ഒരു ചെറിയ വിമാനം ജനവാസ മേഖലയിലേക്ക് തകർന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ തങ്ങൾ സ്ഥലത്തെത്തിയെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.
നഗരത്തിന്‍റെ ആകാശക്കാഴ്ചയ്ക്കായി വിനോദസഞ്ചാരികളെ വിമാനത്തില്‍ കൊണ്ടുപോയിരുന്ന ഗ്ലൈഡര്‍ സര്‍വീസ് വിമാനമാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. ധൻബാദ് നഗരത്തിൽ ആരംഭിച്ച ഗ്ലൈഡർ സർവീസ് കുറച്ച് വർഷങ്ങള്‍ക്ക് മുമ്പ് നിർത്തിവച്ചിരുന്നു. എന്നാല്‍ അടുത്തിടെ സർവീസ് പുനരാരംഭിക്കുകയായിരുന്നു. രണ്ട് പേർക്ക് മാത്രം ഇരിക്കാനുള്ള സൗകര്യമുള്ളവയാണ് ഇത്തരം ഗ്ലൈഡര്‍ സര്‍വീസ് വിമാനങ്ങള്‍.
ഇക്കഴിഞ്ഞ ശനിയാഴ്‌ച (മാര്‍ച്ച് 18) മധ്യപ്രദേശിലെ ബാലാഘട്ടില്‍ പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണിരുന്നു. ബാലാഘട്ട് ജില്ല ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെയുള്ള ലാഞ്ചി, കിർണാപൂർ പ്രദേശത്താണ് അപകടമുണ്ടായത്. അപകടസമയത്ത് വിമാനത്തില്‍ രണ്ട് ട്രെയിനി പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇവർക്കായുള്ള തെരച്ചിൽ അന്നുതന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ അപകട സ്ഥലത്തിന് കുറച്ച് അകലെയായി ഒരു പുരുഷന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ട് സമീർ സൗരഭ് അറിയിച്ചിരുന്നു. ഇത് വിമാനത്തിലുണ്ടായിരുന്ന പൈലറ്റിന്‍റേതാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. അതേസമയം അപകട കാരണം കണ്ടെത്തിയിട്ടില്ല.
ജനുവരിയില്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സഞ്ചരിച്ച വിമാനത്തിന് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. ഗണ്ണവരം വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ തിരിച്ചിറക്കുകയായിരുന്നു. വിശാഖപട്ടണത്തില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയുടെ തയ്യാറെടുപ്പ് യോഗത്തിനായി ജഗന്‍ മോഹന്‍ റെഡ്ഡി തിരിക്കവെയായിരുന്നു വിമാനത്തിന്‍റെ എസി വാൽവിലെ ചോർച്ച കാരണം പ്രഷറൈസേഷന്‍ ബുദ്ധിമുട്ട് കണ്ടെത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പൈലറ്റ് വിമാനം തിരിച്ചിറക്കി.