കൊല്‍ക്കത്ത: ജാർഖണ്ഡ് നടി റിയ കുമാരി വെടിയേറ്റ് മരിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഹൈവേ കവർച്ചയുടെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. കവര്‍ച്ച ശ്രമത്തിനിടയാണ് റിയ മരിച്ചതെന്ന് സംഭവത്തിന് പിന്നാലെ അറസ്റ്റിലായ നടിയുടെ ഭര്‍ത്താവ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.
റിയയുടെ ഭര്‍ത്താവ് അവകാശപ്പെടുന്നത് പോലെ കവര്‍ച്ച ശ്രമം നടന്നു എന്നതിനും അക്രമിസംഘം റിയയെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു എന്നതിനും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ട്. ഇതിനായി റിയയുടെ ഭര്‍ത്താവിനെയും ഒപ്പം അറസ്റ്റിലായ ഭര്‍തൃസഹോദരനെയും കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഡിസംബര്‍ 28 നാണ് നടിയും പ്രമുഖ യൂട്യൂബറുമായ റിയ കുമാരി കൊല്ലപ്പെട്ടത്. ഭർത്താവ് പ്രകാശ് കുമാറിനും രണ്ട് വയസുള്ള മകൾക്കും ഒപ്പം കാറിൽ കൊൽക്കത്തയിലേക്ക് പോകുമ്പോൾ ദേശീയപാത 16 ലെ ബഗ്നാൻ എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം. തുടര്‍ന്ന് റിയയുടെ കുടുംബമാണ് പ്രകാശ് കുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിന്‍റെ മൊഴികളിലുള്ള വൈരുധ്യമാണ് അറസ്റ്റിലേക്ക് നയിച്ചത്. റാഞ്ചിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ രാവിലെ ബാഗ്നാൻ സമീപത്തുള്ള മാഹിഷ്‌രേഖയ്‌ക്ക് സമീപം കാര്‍ നിര്‍ത്തി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ മൂന്നംഘസംഘം ആക്രമിക്കുകയായിരുന്നു, രക്ഷിക്കാൻ ഓടിയെത്തിയപ്പോഴാണ് റിയ കുമാരിക്ക് വെടിയേറ്റതെന്നുമായിരുന്നു പ്രകാശ് പൊലീസിനോട് പറഞ്ഞത്.