ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയർന്ന് വിമാന ഇന്ധന വില. അഞ്ചുശതമാനമാണ് വർധന (6188 രൂപ). ഇതോടെ ഡൽഹിയിൽ ജെറ്റ് ഫ്യൂവൽ നിരക്ക് കിലോമീറ്ററിന് (ആയിരം ലിറ്റർ) 1,23,039 രൂപയായി ഉയർന്നു. ലിറ്ററിന് 123 രൂപ.
അവസാനമായി മാര്‍ച്ച് 16നാണ് വിമാനഇന്ധനത്തിന്റെ വില കുത്തനെ ഉയര്‍ത്തിയത്. അന്ന് 18.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇപ്പോഴത്തെ വില വര്‍ധനവോടെ വിമാന ഇന്ധന വില റെക്കോഡ് ഉയരത്തിലെത്തി. കൊൽക്കത്തയിലും, ചെന്നൈയിലുമാണ് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക്. കൊൽക്കത്തയിൽ കിലോമീറ്ററിന് 127854.60 രൂപയും ചെന്നൈയിൽ 127286.13 രൂപയുമായുമാണ് വില. ഡൽഹിയിൽ കിലോമീറ്ററിന് 123039.71 നിരക്ക് രൂപയായി ഉയർന്നപ്പോള്‍ മുംബൈയിൽ 121847.11 രൂപയാണ് പുതിയ വില. ഇതോടെ വിമാനടിക്കറ്റ് നിരക്ക് ഉയരുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍.
2022 ജനുവരി ഒന്നുമുതല്‍ പരിശോധിച്ചാല്‍ വിമാന ഇന്ധനത്തിന്റെ വിലയില്‍ 61.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഓരോ 14ദിവസം കൂടുമ്പോഴാണ് എണ്ണവിതരണ കമ്പനികള്‍ വിലനിര്‍ണയം നടത്തുന്നത്. ഈ വർഷം ഒമ്പതാം തവണയാണ് വിമാന ഇന്ധന വില വർധിക്കുന്നത്. ജനവരി ഒന്നിന് ലിറ്ററിന് 76 രൂപയായിരുന്ന ഇന്ധന നിരക്കാണ് നിലവിൽ 123 രൂപയിൽ എത്തി നിൽക്കുന്നത്.