ന്യൂഡല്‍ഹി: ജെഇഇ (ജോയന്‍റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) മെയിന്‍ 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്‍പത് ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളാണ് ഇത്തവണ ജെഇഇ മെയിന്‍ സെഷന് രജിസ്റ്റര്‍ ചെയ്‌തത്. അതില്‍ ഏകദേശം 8.9ലക്ഷം ബിഇ, ബിടെക് ഉദ്യോഗാര്‍ഥികളും 0.46 ലക്ഷം പേര്‍ ബി ആര്‍ച്ച്, ബി പ്ലാനിങ് ഉദ്യോഗാര്‍ഥികളുമാണ്.
ജെഇഇ മെയിനില്‍ 95.8 ശതമാനം പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. എന്‍ടിഎ(നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) ജെഇഇ പരീക്ഷ നടത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐഐടി), ഐഐഐടി-എച്ച് (ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി) എന്നിവയുൾപ്പെടെയുള്ള മറ്റ് മികവുറ്റ സ്ഥാപനങ്ങൾ എന്നിവയിലേക്ക് പ്രവേശനം തേടുന്നതിനുള്ള പ്രവേശന പരീക്ഷയാണ് ജെഇഇ മെയിൻ.
രാജ്യത്തെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐഐടി) പ്രവേശനം നേടുന്നതിനുള്ള ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷയെഴുതാന്‍ വിദ്യാർഥികൾക്കുള്ള യോഗ്യത പരീക്ഷ കൂടിയാണ് ജെഇഇ മെയിൻ. ജെഇഇ മെയിൻ ഫലത്തിലെ കട്ട് ഓഫ് മാർക്കിനെ അടിസ്ഥാനമാക്കിയാണ് വിദ്യാർഥികളെ ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷ എഴുതാൻ അനുവദിക്കുക.