ജമ്മു : ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ രണ്ട് സൈനിക ഉദ്യോഗസ്ഥരും മരിച്ചു. ജൂനിയർ കമ്മീഷൻഡ് ഓഫിസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. ഈ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
വ്യാഴാഴ്‌ച വൈകുന്നേരം മെന്ധർ സബ് ഡിവിഷനിലെ നാർ ഘാസ് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തിൽ ഒരു ജെസിഒയ്‌ക്കും ഒരു ജവാനും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഇവരിൽ ജെസിഒ സംഭവസ്ഥലത്തുതന്നെ മരിച്ചെന്നാണ് വിവരം. ജവാനെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ വർഷം അതിർത്തി ജില്ലകളായ രജൗരിയിലും പൂഞ്ചിലും നിരവധി ഭീകരവിരുദ്ധ പ്രവർത്തനങ്ങളും ഏറ്റുമുട്ടലുകളും നടന്നിട്ടുണ്ട്. തിങ്കളാഴ്‌ച പൂഞ്ച് മേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ജെസിഒ ഉൾപ്പെടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഈ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉള്ളതായി ജമ്മു കശ്‌മീർ പൊലീസ് വ്യക്തമാക്കി.