ബോളിവുഡ് ബാദ്‌ഷ ഷാരൂഖ് ഖാന്‍റെ 'ജവാന്‍' (Jawan) ഇന്ത്യന്‍ ബോക്‌സ് ഓഫീസിലും ആഗോള തലത്തിലും ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം, പ്രദര്‍ശനത്തിന്‍റെ 25-ാം ദിനത്തില്‍ രാജ്യത്തെ എക്കാലത്തെയും കൂടുതല്‍ കലക്ഷൻ നേടിയ ബോളിവുഡ് ചിത്രമായി മാറി. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ജവാൻ 600 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ സണ്ണി ഡിയോള്‍, അമീഷ പട്ടേല്‍ ചിത്രം ഗദര്‍ 2ന്‍റെ (Sunny Deol Ameesha Patel movie Gadar 2) ആജീവനാന്ത കലക്ഷന്‍ മറികടന്നിരിക്കുകയാണ് 'ജവാന്‍'. 25-ാം ദിനത്തില്‍ എല്ലാ ഭാഷകളിലുമായി ഇന്ത്യയിൽ നിന്നും 8.80 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചിത്രം ഇതുവരെ നേടിയത് 604.25 കോടി രൂപയാണ് (Jawan Box Office Collection).
അതേസമയം ആഗോള ബോക്‌സ് ഓഫീസിൽ 1068.58 കോടി രൂപയാണ് ജവാന്‍ ഇതുവരെ കലക്‌ട് ചെയ്‌തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജവാന്‍ ആദ്യ വാരം നേടിയത് 389.88 കോടി രൂപയാണ്. രണ്ടാം വാരത്തിൽ 136.1 കോടി രൂപയും മൂന്നാം വാരത്തില്‍ 55.92 കോടി രൂപയും നേടി. പ്രദര്‍ശനത്തിന്‍റെ 23-ാം ദിനത്തില്‍ ജവാന്‍ 5.05 കോടി രൂപയാണ് കലക്‌ട് ചെയ്‌തത്. 24-ാം ദിനത്തില്‍ 8.5 കോടി രൂപയും നേടി.
'ജവാന്‍റെ' ഗംഭീര വിജയത്തെ തുടര്‍ന്ന് നിർമാതാക്കൾ അടുത്തിടെ മുംബൈയിൽ വാർത്താസമ്മേളനം നടത്തിയിരുന്നു. സിനിമയുടെ വിജയത്തില്‍ ഷാരൂഖ് ഖാനും പ്രതികരിച്ചിരുന്നു. 'ഇതൊരു ആഘോഷമാണ്, വർഷങ്ങളോളം ഒരു സിനിമയെ പരിഗണിക്കാൻ നമുക്ക് അവസരം ലഭിക്കുന്നത് അപൂർവമാണ്' - ഇപ്രകാരമാണ് ജവാന്‍റെ വിജയത്തിൽ ഷാരൂഖ് ഖാന്‍ സന്തോഷം പ്രകടിപ്പിച്ചത്.
'കൊവിഡും മറ്റ് ഘടകങ്ങളും കാരണം ജവാന്‍റെ നിർമാണം നാല് വർഷം വൈകിയിരുന്നു. നിരവധി ആളുകള്‍ ഈ സിനിമയുടെ നിർമാണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ നിന്നും മുംബൈയിലേക്ക് താമസം മാറി, കഴിഞ്ഞ നാല് വർഷമായി അവിടെ താമസിച്ച് ജവാന് വേണ്ടി നിരവധി പേര്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇത് എക്കാലത്തെയും കഠിനമായ ജോലിയായിരുന്നു' -ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയൻതാര, തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് സേതുപതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ദീപിക പദുകോണും സഞ്ജയ് ദത്തും ചിത്രത്തിൽ അതിഥി വേഷങ്ങളില്‍ എത്തി. പ്രിയാമണി, സന്യ മൽഹോത്ര, റിധി ദോഗ്ര, ലെഹർ ഖാൻ, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ എന്നിവരും ജവാനിൽ അണിനിരന്നിരുന്നു.