ന്യൂഡൽഹി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ക്കെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഈ വര്‍ഷം ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി നേരത്തേ പ്രസ്താവിച്ചിരുന്നു. എന്നാല്‍, പ്രസ്താവനയിലേത് വ്യാജ അവകാശവാദമാണെന്ന് വൃന്ദ കാരാട്ട് പറഞ്ഞു.
ALSO READ: മഹാരാഷ്ട്രയിൽ കുട്ടികൾക്കായുള്ള പ്രത്യേക കൊവിഡ് കെയർ സെന്‍റർ സജ്ജമാക്കുന്നു
“നുണകൾ, കൂടുതൽ നുണകള്‍, തെറ്റായ അവകാശവാദങ്ങൾ ഇവയാണ് മോദി സർക്കാരിന്‍റെ മുഖമുദ്ര” എന്ന് അവർ ആരോപിച്ചു. ആളുകൾ വാക്സിനേഷൻ എടുക്കാൻ പാടുപെടുന്ന സമയത്ത് മന്ത്രി അങ്ങനെ പറയുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. കൊവിഡ് വാക്‌സിന് ക്ഷാമമുള്ള കാര്യം എല്ലാവര്‍ക്കുമറിയാം. ഇന്ന് ആളുകൾ നേരിടുന്ന അരക്ഷിതാവസ്ഥയെ അദ്ദേഹം പരിഹസിയ്ക്കുകയാണെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. സർക്കാരിന്‍റെ നയങ്ങൾ മൂലം രാജ്യത്ത് വലിയ പ്രതിസന്ധികളുണ്ടായി. എന്നാല്‍, കേന്ദ്രം ഇപ്പോഴും തെറ്റുകളിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു.