ന്യൂഡല്‍ഹി: കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ ഇന്ത്യക്ക് സഹായവുമായി നിരവധി രാജ്യങ്ങള്‍. ഓക്സിജൻ, വാക്സിൻ, മറ്റ് മെഡിക്കൽ ഉപകരണങ്ങള്‍ എന്നിവയുടെ കുറവ് പരിഹരിക്കാൻ 18.5 ദശലക്ഷം യുഎസ് ഡോളറിന്‍റെ സഹായം ഇന്ത്യക്ക് നല്‍കാന്‍ ജപ്പാൻ സർക്കാർ തീരുമാനിച്ചു. ന്യൂഡൽഹിയിലെ ജപ്പാൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 30ന് ജപ്പാൻ സർക്കാർ 300 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 300 വെന്‍റിലേറ്ററുകളും ഇന്ത്യക്ക് നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മെയ് 5 ന് ജപ്പാനീസ് വിദേശകാര്യ മന്ത്രി മോടെഗി വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 50 മില്യൺ യുഎസ് ഡോളർ രൂപയുടെ സഹായം ഇന്ത്യയ്ക്ക് നൽകാൻ തയ്യാറാണെന്ന് ജപ്പാൻ പറഞ്ഞു. ഏപ്രിൽ 30 ന് പ്രഖ്യാപിച്ച 300 വെന്‍റിലേറ്ററുകൾ ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോർ പ്രോജക്ട് സർവീസസ് (യുനോപ്സ്) വഴി ഇന്ത്യയിലെത്തിക്കും.
READ ALSO…………..വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ പ്ലാന്‍റുകള്‍ നിര്‍മിക്കാനൊരുങ്ങി ജപ്പാന്‍
കൂടാതെ മെയ് 5 ന് പ്രഖ്യാപിച്ച 50 ദശലക്ഷം ഡോളർ സഹായത്തിന്‍റെ ഭാഗമായി 500 വെന്‍റിലേറ്ററുകളും 500 ഓക്സിജൻ കോൺസെൻട്രേറ്ററുകളും യുനോപ്സ് വഴി ഇന്ത്യയ്ക്ക് നൽകും. ഇതോടെ ആകെ 800 വെന്‍റിലേറ്ററുകളും 800 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ജപ്പാന്‍ ഇന്ത്യക്ക് നൽകുമെന്ന് എംബസി അറിയിച്ചു. ട്വിറ്ററിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്. ഈ സഹായത്തിലൂടെ കൊവിഡിനെതിരെ പോരാടാനുള്ള ശ്രമങ്ങളിൽ ജപ്പാൻ ഇന്ത്യയോടൊപ്പം നിൽക്കുകയാണ്. കൂടാതെ ജപ്പാന്‍റെ സഹായം ഇന്ത്യയിലെ കൊവിഡ് സാഹചര്യം ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എംബസി കൂട്ടിച്ചേർത്തു. കഴിഞ്ഞ വ്യാഴാഴ്ച 100 ഓക്സിജൻ കോണ്‍സെന്‍ട്രേറ്ററുകളുമായി രണ്ട് വിമാനങ്ങൾ ജപ്പാനിൽ നിന്ന് ഇന്ത്യയിൽ എത്തിയിരുന്നു. 2 ദിവസത്തിനിടെ നാല് വിമാനങ്ങളിലായി 200 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ജപ്പാന്‍ ഇന്ത്യക്ക് വിതരണം ചെയ്തു.