മഥുര ( ഉത്തർ പ്രദേശ്) : ജന്മാഷ്‌ടമി ആഘോഷത്തിനിടെ ഉത്തർപ്രദേശിൽ 2 പേർ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. ശ്രീകൃഷ്‌ണ ജന്മഭൂമിയായ മഥുരയിലെ ബാങ്കെ ബിഹാരി ക്ഷേത്രത്തിൽ ഇന്നലെ( 19-8-2022) രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് ശ്വാസം മുട്ടിയാണ് ഇവർ മരിച്ചതെന്ന് അധികൃതർ പറഞ്ഞു.
ശ്വാസം മുട്ടിയതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. നിർമല ദേവി, രാം പ്രസാദ് വിശ്വകർമ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു തീർഥാടകൻ ക്ഷേത്രത്തിന്‍റെ പുറത്തേക്ക് കടക്കുന്ന കവാടത്തിൽ കുഴഞ്ഞുവീണു.
ഇതോടെ കവാടത്തിന് മുന്നിൽ വൻ ഭക്തജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഇതിനിടയിൽപ്പെട്ടാണ് 6 പേർക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജന്മാഷ്‌ടമി ദിനത്തിലെ ശുഭമൂഹൂർത്തമായ മംഗൾ ആരതി നടക്കുന്ന സമയത്താണ് ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തിയത്.
ഈ മാസം ആദ്യം രാജസ്ഥാനിലെ ഖാട്ടു ശ്യാംജി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് സ്‌ത്രീകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ബാങ്കെ ബിഹാരി ക്ഷേത്രം : ഉത്തർ പ്രദേശിലെ മഥുര ജില്ലയിൽ ഉള്ള വൃന്ദാവൻ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്‌ണന്‍റെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ബങ്കെ ബിഹാരി ക്ഷേത്രം. സ്വാമി ഹരിദാസിന് ഭഗവാൻ തന്നെ സമ്മാനിച്ച ത്രിഭംഗ രീതിയിൽ നിൽക്കുന്ന വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠ. ശ്രീകൃഷ്‌ണന്‍റെ ജന്മസ്ഥലമാണ് ഇവിടെ എന്നാണ് ഭക്തരുടെ വിശ്വാസം.