ശ്രീനഗര്‍: രാജ്യത്തിനെതിരെ ആയുധമെടുത്തവര്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഇല്ലാതാക്കുമെന്ന് 15 കോര്‍പ്സ് മേധാവി ലെഫ്റ്റനന്‍റ് ജനറല്‍ ദേവേന്ദ്ര പ്രതാപ് പാണ്ഡെ. കശ്മീരിലെ തീവ്രവാദ റിക്രൂട്ട്മെന്‍റ് തടയുകയാണ് സുരക്ഷാ സേനകളുടെ പ്രാഥമിക ദൗത്യം. സജീവമായിരിക്കുന്ന ഭീകരഗ്രൂപ്പുകളെ തകര്‍ക്കുകയും നവമാധ്യമങ്ങളിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നവരെ കണ്ടെത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറില്‍ സുരക്ഷാ സേനകള്‍ നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരത തടയാന്‍ സഹായമഭ്യര്‍ഥിച്ച് കശ്മീര്‍ താഴ്വരയില്‍ നിന്നും നിരവധി കുടുംബങ്ങള്‍ സൈന്യത്തെ സമീപിക്കുന്നു. ഭീകര സംഘടനകളില്‍ അംഗമാകാതിരിക്കാന്‍ സ്വന്തം മക്കളെ ജയിലില്‍ ഇടാന്‍ പറയുന്ന മാതാപിതാക്കളും കശ്മീരിലുണ്ട്. താഴ്വരയിലെ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഭരണകൂടവും പട്ടാളവും പൊലീസും മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ലെഫ്റ്റനന്‍റ് ജനറല്‍ ദേവേന്ദ്ര പ്രതാപ് പാണ്ഡെ പറഞ്ഞു. ജമ്മുകശ്മീര്‍ പൊലീസ് ഐജി വിജയ് കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.