ജമ്മു : ജമ്മുവിലെ ഇന്ത്യൻ വ്യോമസേന സ്റ്റേഷന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പാകിസ്ഥാൻ സൈന്യത്തിന്‍റെയോ ചാരസംഘടനയായ ഐഎസ്‌ഐയുടെയോ സഹായം ലഭിച്ചതായി സൂചന.
ഒരു കിലോയിൽ താഴെ ആർഡിഎക്‌സും മറ്റ് രാസവസ്തുക്കളുടെ സംയുക്തവുമാണ് ആക്രമണത്തിന് ഉപയോഗിച്ചിരുക്കുന്നത്. ഇതാണ് പുതിയ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ബോംബില്‍ ഘടിപ്പിച്ചിരുന്ന 'പ്രഷർ ഫ്യൂസ്' പാകിസ്ഥാൻ സൈന്യം ഉപയോഗിക്കുന്നതിന് സമാനമാണെന്നാണ് വിലയിരുത്തൽ. കുഴിബോംബുകള്‍, ടാങ്ക് പ്രതിരോധ ഖനികൾ എന്നിവയില്‍ ഉപയോഗിക്കുന്ന ഫ്യൂസാണിത്. ബലം പ്രയോഗിച്ചാലോ, എന്തെങ്കിലും ഭാരമുള്ള വസ്‌തു ഇതിന് മുകളില്‍ പതിക്കുമ്പോഴോ ആണ് സ്‌ഫോടനം ഉണ്ടാകുക.
also read :ജമ്മു കശ്മീര്‍ വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം
സമാന രീതിയിൽ ഉയരത്തില്‍ നിന്ന് താഴേക്ക് വീണുമ്പോഴുണ്ടാകുന്ന ശക്തിയിലും ഈ ഫ്യൂസ് പ്രവർത്തനക്ഷമമാകും. ഇതാണ് ഡ്രോണില്‍ ഘടിപ്പിച്ച ബോംബിൽ ഉണ്ടായിരുന്നത്. ഇത്തരമൊരു ബോംബ് നിർമിക്കാൻ വിദഗ്‌ധരെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്ന നിഗമനമാണ് സംശയങ്ങള്‍ പാക് സൈന്യത്തിന്‍റെയും ചാരസംഘടനയുടെയും നേർക്ക് നീളാൻ കാരണം.
ആക്രമണം ജൂണ്‍ 27ന്
ജൂണ്‍ 27 ഞായറാഴ്‌ച ജമ്മുവിലെ വ്യോമസേന താവളത്തിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വിമാനങ്ങൾ പാർക്ക് ചെയ്‌തിരുന്ന സ്ഥലമാണ് ഡ്രോണുകൾ ലക്ഷ്യമിട്ടിരുന്നതായി കരുതുന്നത്. സംഭവത്തിൽ വലിയ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നിരുന്നാലും രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ആറ് മിനുട്ടിനിടെ രണ്ട് സ്‌ഫോടനങ്ങളാണുണ്ടായത്. ഒന്ന് കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്ക് ചെറിയ നാശനഷ്‌ടമുണ്ടാക്കി. മറ്റൊന്ന് തുറസായ സ്ഥലത്ത് പൊട്ടിത്തെറിക്കുകയായിരുന്നു.