കശ്‌മീർ: ജമ്മു കശ്‌മീരിൽ ശനിയാഴ്‌ച സുരക്ഷ സേനയുമായുള്ള രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ജയ്‌ഷെ മുഹമ്മദ് (JeM) ഭീകര സംഘടനയിലെ കമാൻഡറായ സാഹിദ് വാനി ഉൾപ്പെടെ അഞ്ച് പാക് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ, ബുദ്‌ഗാം ജില്ലകളിലായി കഴിഞ്ഞ 12 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട അഞ്ച് പേരും പാകിസ്ഥാൻ നിരോധിത ഭീകര സംഘടനകളായ ലഷ്‌കർ-ഇ-ത്വയ്ബ (LeT), ജയ്‌ഷെ മുഹമ്മദ് എന്നിവയുമായി ബന്ധമുള്ളവരാണെന്ന് കശ്‌മീർ ഐജി പി വിജയ് കുമാർ പറഞ്ഞു.
പുൽവാമ ജില്ലയിലെ നൈറ മേഖലയിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇവിടെ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തു.
അതേസമയം ബുദ്‌ഗാമിലെ ച്രാർ-ഇ-ഷരീഫ് മേഖലയിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് മറ്റൊരു ഭീകരൻ കൊല്ലപ്പെട്ടത്. ഇവിടെ നിന്നും എകെ 56 റൈഫിൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തു. ഈ പ്രദേശങ്ങളിൽ തെരച്ചിൽ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.