ശ്രീനഗര്‍ : ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയ പത്ത് തൊഴിലാളികളുടെയും മൃതദേഹം പുറത്തെടുത്തു. മരിച്ചവരില്‍ അഞ്ച് പേര്‍ ബംഗാള്‍ സ്വദേശികളും, ഒരാള്‍ അസമില്‍ നിന്നുള്ളയാളുമാണ്. നേപ്പാളില്‍ നിന്നുള്ള രണ്ട് പേര്‍ക്കും റംബാന്‍ ജില്ലയിലുള്ള രണ്ട് പേര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്‌ടമായിട്ടുണ്ട്.
തുരങ്കത്തിന്‍റെ നിര്‍മാണക്കരാറുള്ള കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കനത്ത മഴയും കനത്ത കാറ്റും ഉരുൾപൊട്ടലും കാരണം വെള്ളിയാഴ്‌ച വൈകിട്ടോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു. തുടര്‍ന്ന് ഇന്ന് (21 മെയ്) പുലർച്ചെ 5.30 ഓടെയാണ് പുനരാരംഭിച്ചത്. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളും മൂന്ന് സ്റ്റോൺ ബ്രേക്കർ മെഷീനുകളും ഉപയോഗിച്ചാണ് സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
വ്യാഴാഴ്‌ച രാത്രി 10.15 ഓടെയാണ് റംബാൻ ജില്ലയിൽ ഖൂനി നല്ലയ്ക്ക് സമീപം ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം തകർന്നുവീണത്. തുരങ്കത്തിന്‍റെ 40 മീറ്ററോളം ഉള്ളിലാണ് അപകടം. മൂന്ന് പേരെ അപകട ദിവസം തന്നെ പുറത്തെത്തിച്ചിരുന്നു. സുരക്ഷാസേന, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ക്യുആർടി എന്നീ സംഘങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിവന്നത്.