മധുര: പ്രസിദ്ധമായ ആവണിയാപുരം ജല്ലിക്കട്ട് മത്സരത്തിന് തുടക്കം. മധുര, ശിവഗംഗ, തേനി, ദിണ്ടിഗല്‍ ജില്ലകളില്‍ നിന്നായുള്ള 800 കാളകളെയും മൂന്നൂറോളം വീരന്മാരേയുമാണ് ആവണിയാപുരത്ത് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളില്‍ ജല്ലിക്കട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
കാളകളെ മെരുക്കുന്നവര്‍ക്കും, ഉശിരന്‍ കാളകളുടെ ഉടമകള്‍ക്കും സ്വര്‍ണനാണയം ഉള്‍പ്പടെയാണ് സമ്മാനം. പ്രദേശത്ത് വന്‍ സുരക്ഷാസന്നാഹത്തെയും ജില്ല ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. ജല്ലിക്കട്ടിനിടെ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ 10 മെഡിക്കല്‍ ടീമിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
കൂടാതെ 108 എമർജൻസി ആംബുലൻസുകൾ, കാളകൾക്കുള്ള പ്രത്യേക ആംബുലൻസുകൾ, അഗ്നിശമന സേനയുടെ വാഹനങ്ങൾ എന്നിവ അടിയന്തര ആവശ്യങ്ങൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്ന് ആയിരത്തിലധികം പേര്‍ മത്സരം കാണാനെത്തുമെന്നാണ് വിലയിരുത്തല്‍. പൊലീസ് കമ്മിഷണര്‍ നരേന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് സുരക്ഷയൊരുക്കുന്നത്.