ന്യൂഡൽഹി : കർണാടകയിൽ അരിയെച്ചൊല്ലി രാഷ്‌ട്രീയ പോര് മുറുകുന്നതിനിടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്. കർണാടകയുടെ അന്ന ഭാഗ്യം കേന്ദ്രം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് 10 കിലോ സൗജന്യ അരി നൽകുന്ന പദ്ധതി എത്രയും പെട്ടന്ന് തന്നെ നടപ്പിലാക്കുമെന്നും ഉറപ്പ് നൽകി. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി അരി വിതരണം ചെയ്യുന്ന കോണ്‍ഗ്രസിന്‍റെ അന്നഭാഗ്യ പദ്ധതിക്ക് കേന്ദ്ര സർക്കാർ അരി നൽകാത്തതാണ് രാഷ്‌ട്രീയ പോരിന് കാരണമായത്.
തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ വോട്ട് ചെയ്‌ത വോട്ടർമാരെ ശിക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി കർണാടകയുടെ ദുർഭാഗ്യമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചത്. 2023 ജനുവരി 1 മുതൽ 2023 മെയ് 24 വരെ കർണാടകയിലെ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ എല്ലാ സംസ്ഥാന സർക്കാരുകളും ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം (ആഭ്യന്തര) പ്രകാരം സംഭരിച്ച 95 ശതമാനത്തിലധികം അരിക്കും ക്വിന്‍റലിന് 3,400 രൂപ നിരക്കിൽ ഉയർത്തി.
എന്നാൽ കോണ്‍ഗ്രസ് സർക്കാർ രൂപീകരിച്ചതിന് പിന്നാലെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ ഭീഷണിയെത്തുടർന്ന് ഇത് വളരെ വേഗം പിൻവലിച്ചു. മോദി സർക്കാരിന്‍റെ അവകാശവാദങ്ങൾ കാറ്റിൽ പറത്തി സംസ്ഥാനങ്ങൾക്കുള്ള ഒഎംഎസ്എസ് (ഡി) നിർത്തലാക്കിക്കൊണ്ടുള്ള കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-ധാന്യ വിതരണ മന്ത്രാലയത്തിന്‍റെ ജൂണ്‍ 13 ലെ ഉത്തരവ് പ്രധാനമായും ലക്ഷ്യം വച്ചത് കർണാടകയെയാണെന്നും ജയറാം രമേശ് പറഞ്ഞു.
കർണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്‍റെ അഭ്യർഥനകളെ അടിസ്ഥാനമാക്കി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (FCI) 2023 ജൂൺ 12-ന് ഒഎംഎസ്എസ് (ഡി) പ്രകാരം അരി വിൽക്കാൻ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഒരു ദിവസത്തിന് ശേഷം കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ വിതരണ മന്ത്രാലയം സംസ്ഥാനങ്ങൾക്കുള്ള ഒഎംഎസ്എസ് (ഡി) നിർത്തലാക്കുകയായിരുന്നു.
ഇതിന് പിന്നാലെ ജൂണ്‍ 14ന് കർണാടകയിലെ എഫ്‌സിഐ ജനറൽ മാനേജർ ജൂണ്‍ 12 ന് അരി വിൽപ്പന സംബന്ധിച്ച് പുറത്തിറക്കിയ മുൻ ഉത്തരവ് ഉടനടി തന്നെ പിൻവലിച്ചു. കർണാടകയിലെ ജനങ്ങൾക്ക് കോണ്‍ഗ്രസ് ഉറപ്പ് നൽകിയ അന്ന ഭാഗ്യ 2.0 പദ്ധതിയുടെ നടത്തിപ്പ് അട്ടിമറിക്കാനാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടതെന്ന് വ്യക്‌തമാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
ജനങ്ങള്‍ക്കുള്ള അന്നം ഇല്ലാതാക്കുന്നു : അതേസമയം കർണാടക സർക്കാർ അധികമായി നൽകുന്ന അഞ്ച് കിലോ അരി മാത്രമല്ല, 10 കിലോ സൗജന്യ അരി വിതരണത്തെ പൂർണമായും കേന്ദ്രം ലക്ഷ്യം വയ്‌ക്കുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. ഇത് ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള 39 ലക്ഷം ജനങ്ങളുടെ അടിസ്ഥാന അവകാശമായ അരി വിതരണത്തെ ഇല്ലാതാക്കുന്ന മോദി സർക്കാരിന്‍റെ ധിക്കാരപരമായ നടപടിയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
സ്റ്റോക്ക് ആവശ്യത്തിലധികം : കർണാടകയുടെയും രാജ്യത്തിന്‍റെയും ആവശ്യങ്ങൾ നിറവേറ്റാൻ എഫ്‌സിഐക്ക് ആവശ്യത്തിലധികം സ്റ്റോക്കുകൾ ഉണ്ടെന്നതാണ് വസ്‌തുത. എന്നാൽ കർണാടക സർക്കാര്‍ ജനങ്ങൾക്ക് നൽകിയ ഉറപ്പ് നിറവേറ്റാനുള്ള എല്ലാ വഴികളും അടയ്ക്കാൻ മോദി സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ജയറാം രമേശ് ആരോപിച്ചു.
മോദി സർക്കാർ അരി സ്റ്റോക്കിൽ കുറവുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ എഫ്‌സിഐയുടെ സെൻട്രൽ പൂൾ സ്റ്റോക്കിൽ നിന്ന് എഥനോൾ ഉത്പാദനത്തിനും പെട്രോൾ മിശ്രിതത്തിനുമായി ക്വിന്‍റലിന് 2,000 രൂപ നിരക്കിൽ അരി അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും ജയറാം രമേശ് ചോദിച്ചു.
സ്റ്റോക്ക് കുറവാണെങ്കിൽ ഈ വർഷം എഥനോൾ ഉത്പാദനത്തിന് 1.5 എൽ മെട്രിക് ടൺ അരി അനുവദിക്കുന്നത് എന്തിനാണ് ?. ദരിദ്രർക്ക് ഉപകാരപ്പെടുന്ന കോൺഗ്രസിന്‍റെ പദ്ധതികളെ പ്രധാനമന്ത്രി എതിർക്കുന്നത് ഇതാദ്യമായല്ലെന്നും കർണാടകയിലെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയേക്കാൾ പ്രധാനം എഥനോൾ ഉത്പാദനമാണോയെന്നും ജയറാം രമേശ് ചേദിച്ചു.