ശ്രീനഗര്‍ : ജമ്മു കശ്‌മീരിന് നഷ്‌ടപ്പെട്ട പ്രത്യേക പദവി നല്‍കുന്ന നിയമം പുനസ്ഥാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കശ്‌മീരിലെത്തിയ ജയ്‌റാം, ശ്രീനഗറിലെ ലാൽ ചൗക്കിലെ ജെകെപിസിസി ഓഫിസിൽ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ജനാധിപത്യ പ്രക്രിയ പുനസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പ്രതിപക്ഷ പാർട്ടികൾ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ എത്തില്ലെന്ന് പ്രഖ്യാപിച്ചത് കോൺഗ്രസിന് തിരിച്ചടിയായോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. അതൊരു സഖ്യത്തിന് വേണ്ടിയുള്ള ശ്രമം അല്ലായിരുന്നു. സമാന നിലപാടുള്ള പാർട്ടികളെ ആദരപൂർവം ക്ഷണിക്കുക മാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ| 'രാഹുലിനൊപ്പമുള്ള യാത്ര മികച്ച അനുഭവം'; ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് മെഹബൂബ മുഫ്‌തി
'ജമ്മു കശ്‌മീരില്‍ സംസ്ഥാന പദവി പുനസ്ഥാപിച്ചുകഴിഞ്ഞാൽ മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. പാർട്ടി ജനങ്ങളുടെ ആവശ്യത്തിനാണ് പരിശ്രമിക്കുന്നത്. ഫലത്തെക്കുറിച്ചോര്‍ത്ത് ദുഃഖിക്കില്ല. അതേസമയം, ഭാരത് ജോഡോ യാത്രയ്ക്ക് ഊഷ്‌മളമായ പ്രതികരണമാണ് ലഭിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച ജെകെപിസിസി പ്രസിഡന്‍റ് വികാർ റസൂൽ പറഞ്ഞു. രാഹുലിനെ സ്വാഗതം ചെയ്യാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. പക്ഷേ നിർഭാഗ്യവശാൽ, സുരക്ഷാവീഴ്‌ച കാരണം യാത്ര താത്‌കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നുവെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.