മുംബൈ: സമൂഹ മാധ്യമത്തില്‍ സ്വയം പ്രചോദനവുമായി ബോളിവുഡ് നായിക ജാക്വലിൻ ഫെർണാണ്ടസ്. പരീക്ഷണ ഘട്ടങ്ങളില്‍ താന്‍ ശക്തയായി തന്നെ തുടരുമെന്നാണ് ജാക്വലിൻ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രതികരിച്ചത്. സാമ്പത്തിക തട്ടിപ്പ് വീരന്‍ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിലാണ് ജാക്വലിന്‍റെ പ്രതികരണം.
"പ്രിയപ്പെട്ട എനിക്ക്, ഞാൻ എല്ലാ നല്ല കാര്യങ്ങൾക്കും അർഹയാണ്, ഞാൻ ശക്തയാണ്, ഞാൻ എന്നെത്തന്നെ അംഗീകരിക്കുന്നു. എല്ലാം ശരിയാകും. ഞാൻ ശക്തയാണ്, ഞാൻ എന്റെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും കൈവരിക്കും. എനിക്ക് അത് സാധിക്കും" തുടങ്ങി നീളുന്നതാണ് നടിയുടെ പോസ്‌റ്റ്. 'കിക്ക്', 'ഭൂത് പൊലീസ്', ഏറ്റവും ഒടുവിൽ 'വിക്രാന്ത് റോണ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നായികയാണ് 36 കാരിയായ ജാക്വലിന്‍. ശ്രീലങ്കൻ സ്വദേശിയായ ഇവര്‍ 2009 ലാണ് ഹിന്ദി ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏറ്റവുമൊടുവില്‍ ജൂണിലുള്‍പ്പടെ ഇതിനോടകം ഒന്നിലധികം തവണ ഇഡി ഇവരെ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമായ പിഎംഎല്‍എക്ക് കീഴില്‍ താരത്തിന്‍റെ പക്കല്‍ നിന്നും 15 ലക്ഷം പണമായി ഉള്‍പ്പടെ 7.27 കോടി രൂപ 'കുറ്റകൃത്യത്തിന്റെ വരുമാനം' എന്നറിയിച്ച് ഇഡി കണ്ടുകെട്ടിയിരുന്നു. അതേസമയം, ഒരു പരിപാടിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാക്വലിനെ ഇഡി പ്രതിയാക്കിയതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് നടൻ ആർ മാധവൻ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അവര്‍ എത്രയും വേഗം കുഴപ്പത്തിൽ നിന്ന് കരകയറുമെന്നും, ഇത് രാജ്യത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.