ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-ത്വയിബ കമാൻഡർ ഉൾപ്പെടെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. 2017 മുതൽ താഴ്വരയിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇഷ്ഫാക്ക് ദാർ അഥവാ അബു അക്രം എന്നയാളാണ് മരിച്ച കമാൻഡർ എന്ന് കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. മേഖലയില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്. ഷോപിയാനിലെ സാദിഖ് ഖാൻ പ്രദേശത്താണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ശ്രീനഗറിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചിരുന്നു.
ഈ വർഷം ജൂണിൽ ശ്രീനഗറിൽ നടന്ന മൂന്ന് അക്രമങ്ങളിലെ പ്രതികളാണ് കൊല്ലപ്പെട്ടത്. ഒരു പൊലീസുകാരൻ ഉള്‍പ്പടെ അഞ്ച് പേരാണ് മൂന്ന് സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഷോപ്പിയാനിലെ ഏറ്റമുട്ടൽ. കശ്‌മീരില്‍ ഈ വർഷം മാത്രം 78 ഭീകരരാണ് സൈന്യവുമായുണ്ടായ ഏറ്റമുട്ടലില്‍ കൊലപ്പെട്ടത്.
also read: ശ്രീനഗറിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു