ശ്രീനഗർ: ജമ്മു കശ്മീരിലെ നർവാൾ പ്രദേശത്ത് നടത്തിയ വാഹന പരിശോധനക്കിടെ ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. പരിശോധനക്കിടെ നിർത്താതെ പോയ ആൾട്ടോ കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറില്‍ നിന്നാണ് ആയുധങ്ങളും വെടിയുണ്ടകളും പിടികൂടിയത്. ജമ്മു കശ്മീർ പൊലീസാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.
ചുരത്ത് സ്വദേശിയായ റയീസ് അഹ്മദ് ദാർ, കുൽഗാം സ്വദേശിയായ സുബ്സാർ അഹ്മദ് ഷെയ്ക്ക് എന്നിവരുടെ പക്കൽ നിന്നാണ് ആയുധങ്ങൾ പിടികൂടിയത്. റയീസിന്‍റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും ഒരു എകെ സീരീസ് റൈഫിൾ, പിസ്റ്റൾ, 60 എകെ വെടിയുണ്ടകൾ, 15 പിസ്റ്റൾ വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു. ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.