ജമ്മു: സോഷ്യൽ മീഡിയയിൽ വൈറലായി കശ്മീരിൽ നിന്നുള്ള ആറ് വയസുകാരിയുടെ വീഡിയോ. തന്‍റെ തിരക്കേറിയ ഓൺലൈൻ ക്ലാസ് ഷെഡ്യൂളിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതിപ്പെടുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
കശ്‌മീർ സ്വദേശിനി മഹിരാ ഖാൻ ആണ് പ്രധാനമന്ത്രിയോട് പരാതിയുമായി രംഗത്തെത്തിയത്. "ഞാൻ സ്കൂളിൽ പോകാൻ ആഗ്രഹിക്കുന്നു, കൂട്ടുകാരെ ഒരുപാട് മിസ്സ് ചെയ്യുന്നു, ഇനി എന്നാണ് എനിക്ക് സ്‌കൂളിൽ പോകാൻ പറ്റുന്നത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഈ കൊച്ചു മിടുക്കി പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. വീഡിയോ കണ്ട് നിരവധി പേരാണ് കുഞ്ഞ് മഹിരയ്‌ക്ക് അഭിനന്ദനവുമായി എത്തിയത്. കൂടാതെ ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണറുടെ ഓഫീസിൽ നിന്നും ഫോൺ കോളും മഹിരയെ തേടിയെത്തി.
ALSO READ:'രാകേഷ് പണ്ഡിറ്റിന്‍റെ വധം ഞെട്ടലുണ്ടാക്കി'; അനുശോചിച്ച് മെഹബൂബ മുഫ്‌തി
തുടർന്ന് സ്‌കൂൾ കുട്ടികൾക്കുള്ള പാഠഭാരം ലഘൂകരിക്കുന്നതിനായി നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ ഒരു നയം കൊണ്ടുവരാൻ ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണറുടെ ഓഫീസ് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന് നിർദേശവും നൽകി. പ്രീ-പ്രൈമറി, പ്രൈമറി ക്ലാസുകൾക്കുള്ള വെർച്വൽ ക്ലാസുകൾ യഥാക്രമം 30 മിനിറ്റ്, 90 മിനിറ്റ് എന്ന സമയപരിധിയിൽ കവിയരുതെന്നും സർക്കാർ അറിയിച്ചു.