ന്യൂഡൽഹി: കൊവിഡ് വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നതിനായി മൾട്ടിനാഷണൽ ഫാർമ ഭീമൻ ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യയിലെ മയക്കുമരുന്ന് റെഗുലേറ്ററിക്ക് അപേക്ഷ നൽകി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍ (സിഡിഎസ്‌കോ) വിദഗ്‌ധ സമിതിയുടേതാവും അന്തിമതീരുമാനം.
ലോകാരോഗ്യ സംഘടന വിദേശ നിർമിത വാക്സിനുകൾക്ക് അനുമതി നൽകിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും വാക്സിന്‍ വിതരണം ചെയ്യുവാന്‍ അനുമതി നൽകിയിരുന്നു. വാക്സിനുകളുടെ വിതരണം കൈകാര്യം ചെയ്യുന്ന ബയോളജിക്കൽ വിഭാഗത്തിൽ അപേക്ഷിക്കുന്നതിനുപകരം ജോൺസൺ ആൻഡ് ജോൺസൺ സുഗം ഓൺലൈൻ പോർട്ടൽ വഴി ആഗോള ക്ലിനിക്കൽ ട്രയൽ വിഭാഗത്തിൽ ഏപ്രിൽ 12ന് അപേക്ഷ നൽകി.
സിറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ്, ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിൻ, റഷ്യയിൽ വികസിപ്പിച്ച് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് വിതരണം ചെയ്യുന്ന സ്പുട്നിക് വി എന്നിവയാണ് രാജ്യത്ത് നിലവിൽ അംഗീകരിച്ച വാക്സിനുകൾ. അതേസമയം 18 വയസിന് മുകളിലുള്ള എല്ലാവർക്കും മെയ് 1 മുതൽ വാക്സിനേഷൻ നൽകാന്‍ സർക്കാർ തീരുമാനിച്ചു. നിർമാതാക്കളിൽ നിന്നും നേരിട്ട് ഡോസുകൾ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ, സ്വകാര്യ ആശുപത്രികൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.