ഹൈദരാബാദ്: ഇന്ത്യയിൽ പ്രതിദിനം കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് വാക്‌സിനേഷൻ പോളിസി പുനർവിചിന്തനം നടത്തണമെന്ന് ആവശ്യം നിരവധി ഇടങ്ങളിൽ നിന്ന് കേട്ടു തുടങ്ങിയിരിക്കുന്നു. രാജ്യത്തെ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും നിയന്ത്രണങ്ങൾ വർധിപ്പിക്കണമെന്നും ആർബിഐ പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ
രാജ്യത്ത് ജനുവരി 16നാണ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. യുഎസ്എ, യുകെ, ചിലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം രോഗത്തെ തുടർന്നുണ്ടാകുന്ന മരണ സംഖ്യ കുറക്കുന്നതിനും രോഗത്തെ നിയന്ത്രിക്കുന്നതിനും സഹായകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ ഘട്ടങ്ങളായാണ് രാജ്യത്ത് വാക്‌സിനേഷൻ നടക്കുന്നത്. മെയ് ഒന്ന് മുതല്‍ 18 വയസ് കഴിഞ്ഞ എല്ലാ പൗരന്മാര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 45 വയസ് കഴിഞ്ഞവര്‍ക്കെല്ലാം തന്നെ സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് ഉറപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ എന്നാൽ 18 മുതല്‍ 45 വയസിനുള്ളിൽ ഉൾപ്പെടുന്ന 60 കോടി ജനങ്ങൾ പണം മുടക്കി വാക്‌സിൻ സ്വീകരിക്കമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും സാമ്പത്തിക പിന്തുണ പ്രഖ്യാപിക്കുകയും ഈ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പകുതി വാക്‌സിനുകൾ കേന്ദ്ര സർക്കാർ സൗജന്യമായി വാങ്ങുകയും ബാക്കിയുള്ളവ നിര്‍മാതാക്കൾ നിശ്ചയിക്കുന്ന വിലയിൽ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വില്‍ക്കാമെന്നും ഉത്തരവിറക്കി. ഇതുവരെ ഇന്ത്യയില്‍ 14.5 കോടി ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്‌തത്. അപ്പോഴും രാജ്യത്തെ ജനസംഖ്യയുടെ വെറും രണ്ട് ശതമാനത്തിന് കീഴിൽ ആളുകൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.
കേന്ദ്ര സർക്കാരും വാക്‌സിനേഷനും
കൊവിഡ് തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് ഒന്ന് മുതൽ വാക്‌സിനേഷൻ ആരംഭിക്കുന്ന ഘട്ടത്തിൽ വാക്‌സിന് ആവശ്യക്കാർ വർധിക്കാനാണ് സാധ്യത. ആവശ്യക്കാർ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾ വലിയ സമ്മർദമാണ് നേരിടാൻ പോകുന്നത്. ഇതിനോടൊപ്പം ആശയക്കുഴപ്പങ്ങളും ഉടലെടുക്കാൻ സാധ്യതയുണ്ട്. കൊവിഡ് വാക്‌സിനേഷനായി 35000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റിൽ മാറ്റിവച്ചിട്ടുള്ളത്. ഇതിൽ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിൻ ലഭ്യമാക്കുന്നതിലൂടെ 10000 കോടി രൂപയായിരിക്കും കേന്ദ്രം ചെലവഴിക്കാന്‍ പോകുന്നത്.
സ്വന്തം പൗരന്മാരെ പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കുന്നതിനു വേണ്ടി എത്ര പണം ചെലവഴിക്കുന്നതിനും മടിക്കില്ലെന്നും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സ്വന്തം വാക്കുകള്‍ മറന്നു കൊണ്ട് 48000 കോടി രൂപയുടെ അധിക ബാധ്യതകള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പോകുന്ന കേന്ദ്രത്തിന്‍റെ നടപടി ന്യായീകരിക്കാവുന്നതല്ല. 20 സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നതിനുള്ള ഉത്തരവാദിത്തം തങ്ങളുടെ ചുമലുകളില്‍ ഏറ്റെടുത്താല്‍ പോലും പാവപ്പെട്ട ജനങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ അപ്പോഴും തങ്ങളുടെ ജീവന്‍ നഷ്ടപ്പെടുവാനുള്ള അപകട സാധ്യത നിലനില്‍ക്കുക തന്നെ ചെയ്യും.
എല്ലാവരും സുരക്ഷിതരാവുന്നതു വരെ ആരും തന്നെ സുരക്ഷിതരല്ല എന്നുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഓര്‍മിക്കുന്നത് വളരെ നല്ലതായിരിക്കും. അക്കാരണം കൊണ്ടു തന്നെയാണ് യു.എസ്, യു.കെ, ജര്‍മ്മനി, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ മുഴുവന്‍ പൗരന്മാര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് സൗജന്യമായി നല്‍കുന്നത്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന പ്രതിരോധ മരുന്ന് തന്ത്രം സമ്പന്നരും പാവപ്പെട്ടവരുമായ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് കാരണമാവുക മാത്രമല്ല ചെയ്യാന്‍ പോകുന്നത്, മറിച്ച് സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ളവര്‍ക്കിടയിലും സംഘര്‍ഷം ഉടലെടുത്തേക്കും.
ഇന്ത്യയും വാക്‌സിനേഷനും
കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി എല്ലാവര്‍ക്കും സൗജന്യ പ്രതിരോധ മരുന്നുകള്‍ നല്‍കുന്ന പദ്ധതി നടപ്പില്‍ വരുത്തി കൊണ്ടിരിക്കുകയായിരുന്നു ഇന്ത്യ. സംസ്ഥാനന്തര പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുക എന്നുള്ളത് കണ്‍കറന്‍റ് വിഷയ പട്ടികയില്‍ (കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപോലെ ഉത്തരവാദിത്തമുള്ളത്) ഉള്‍പ്പെടുത്തുകയാണ് ചെയ്‌തിട്ടുള്ളത്. കൊവിഡിന്‍റെ കുതിപ്പ് മൂലം നിലവില്‍ തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ വരുമാന നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഒരു വശത്ത് കൊവിഡിന്‍റെ പിടിയിലകപ്പെടുമെന്ന ഭീതിയും മറുവശത്ത് ജോലി നഷ്ടപ്പെടുമെന്നുള്ള ഭീതിയും ഗ്രസിച്ചിരിക്കുന്നു. മധ്യവര്‍ഗ ജനവിഭാഗങ്ങളെ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് പ്രതിരോധ കുത്തിവെയ്പ്പിന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില 250 രൂപയായിരുന്നു.
അടുത്ത മാസം മുതല്‍ ഈ നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിക്കാന്‍ പോകുകയാണ്. മധ്യവര്‍ഗ ജനവിഭാഗങ്ങളുടെ നട്ടെല്ലൊടിക്കും ഈ വിലവര്‍ധന. ചൂഷിത വിഭാഗത്തിന്‍റെ കടുത്ത ശാപം വിളിച്ചു വരുത്തുന്നതിന് തുല്യമാണ് ഇതെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. സ്പുട്‌നിക് വി, മോഡേര്‍ണ, ഫൈസര്‍ എന്നിങ്ങനെയുള്ള കമ്പനികളുമായി പ്രതിരോധ കുത്തിവെയ്പ്പ് മരുന്നുകളുടെ വിലപേശല്‍ നടത്തുവാന്‍ സംസ്ഥാന സര്‍ക്കാരുകളെ അവരുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല.
അനിതരസാധാരണമായ ഈ പൊതുജനാരോഗ്യ പ്രതിസന്ധിയില്‍ നിന്നും രാജ്യം കരകയറണമെങ്കില്‍ മൊത്തം പ്രതിരോധ മരുന്ന് നല്‍കലിന്‍റെയും നടപ്പില്‍ വരുത്തല്‍ ഉത്തരവാദിത്തം കേന്ദ്രം തന്നെ തുടര്‍ന്നും ഏറ്റെടുക്കേണ്ടതുണ്ട്. പ്രതിരോധ മരുന്നുകളുടെ ഉല്‍പാദനം, ഇറക്കുമതി, വില നിശ്ചയിക്കല്‍, വിതരണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ട് ഭരണഘടന അനുശാസിക്കുന്ന പൗരന്മാരുടെ ജീവിക്കുവാനുള്ള അവകാശം കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കേണ്ടതുണ്ട്.