ഭോപ്പാൽ: ഐടിഐ വിദ്യാർഥിനി കോളജ് ശുചിമുറിയിൽ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ സഹപാഠി അറസ്റ്റിൽ. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേർക്കായി തെരച്ചിൽ ആരംഭിച്ചു. ഗോവിന്ദ്പുരയിലെ ഐടിഐ സ്ഥാപനത്തിലാണ് രാഹുൽ യാദവ്, ഖുശ്ബു താക്കൂർ, അയാൻ എന്നിവർ ചേർന്ന് 19കാരിയായ വിദ്യാർഥിനിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
സെപ്‌റ്റംബർ 17നായിരുന്നു സംഭവം. വിശ്വകർമ ജയന്തിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം ശുചിമുറിയിൽ വസ്ത്രം മാറുകയായിരുന്ന വിദ്യാർഥിനിയുടെ ദൃശ്യങ്ങൾ മൂവരും ചേർന്ന് ഒളിക്യാമറയിൽ ചിത്രീകരിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ പെൺകുട്ടിയുടെ സുഹൃത്തുക്കളിൽ ഒരാളെ ദൃശ്യങ്ങൾ കാണിക്കുകയും 7,000 രൂപ ആവശ്യപ്പെടുകയും ചെയ്‌തു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി.
വിവരമറിഞ്ഞ പെൺകുട്ടി ഭയന്ന് വീടുവിട്ടിറങ്ങി. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. തുടർന്ന് പെൺകുട്ടി നടത്തിയ പരാതിയിൽ മൂന്ന് പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഐപിസിയിലെയും ഐടി ആക്‌ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അശോക ഗാർഡൻ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അലോക് ശ്രീവാസ്‌തവ അറിയിച്ചു.