മുംബൈ: ഇരട്ട ജനിതക മാറ്റം വന്ന വൈറസ് മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചതായി മഹാരാഷ്ട്രാ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. തത്യറാവു ലഹാനെ. ഇടിവി ഭാരതുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിൻ കൊവിഡിനെതിരെയുള്ള ഒരു അനുഗ്രഹമാണെന്നും കൊവിഡിന് ശേഷം അടുത്ത ഒരു വർഷത്തെക്ക് കൂടി ആളുകൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ - ഒരേയൊരു പരിഹാരം
“കൊവിഡ് മൂന്നാം തരംഗമുണ്ടാകുമോ അതോ വൈറസിന് വീണ്ടും ജനിതകമാറ്റം വരുമോ എന്നത് പ്രവചിക്കാൻ കഴിയില്ല. കൊവിഡിനെ നിയന്ത്രണത്തിലാക്കാൻ സർക്കാർ പ്രതിരോധ കുത്തിവയ്പ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുത്തിവയ്പ്പ് എടുത്തവരിൽ നേരിയ ജലദോഷം, ചുമ മുതലായവ ലക്ഷണങ്ങൾക്ക് മാത്രമാണ് സാധ്യതയെന്ന് ഡോക്ടർ തത്യറാവു ലഹാനെ പറഞ്ഞു.”
“കൊവിഡിന് ശേഷം ജീവിതം സാധാരണ നിലയിലാകാൻ കുറഞ്ഞത് ഒരു വർഷമെടുക്കും,” ഡോ. ലഹാനെ അഭിപ്രായപ്പെട്ടു.
മരുന്നുകൾ, റെംഡെസിവിർ, ഓക്സിജൻ തുടങ്ങിയവയുടെ ലഭ്യത
“കൊവിഡ് മൂന്നാം തരംഗം ഉണ്ടായാൽ അതിനെ നേരിടാൻ ഉതകുന്ന തരത്തിൽ മരുന്നുകൾ ശേഖരിക്കും. റെംഡെസിവിർ കുത്തിവയ്പ്പ്, ഓക്സിജൻ തുടങ്ങിയവയുടെ ക്ഷാമം ഉണ്ടാകാതിരിക്കാൻ പദ്ധതികൾ തയാറാക്കും.”
“ഗ്രാമീണ മേഖലയിലെ ഡോക്ടർമാർക്ക് വിദഗ്ധരായ ഡോക്ടർമാരുടെ സഹായം തേടാം. സംസ്ഥാനത്തെ ടാസ്‌ക് ഫോഴ്‌സിലെ ഡോക്ടർമാർ ഏത് സമയത്തും സഹായവുമായി മുന്നിലുണ്ടാകും.” അദ്ദേഹം പറഞ്ഞു.
രണ്ട് മാസ്കുകൾ ധരിക്കുക, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുക
“രണ്ടാം തരംഗത്തോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായി. ഇത് സംസ്ഥാനത്ത് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമാക്കി. കൊവിഡ് വർധിച്ച സാഹചര്യത്തിൽ ഇത് നിയന്ത്രത്തിലാക്കാൻ 15 ദിവസത്തേക്ക് ലോക് ഡൗൺ ഏർപ്പെടുത്തി. കൂടാതെ എല്ലാവരും മൂന്ന് ലയറുകളുള്ള മാസ്കുകൾ ധരിക്കാൻ ആഹ്വാനം ചെയ്യുകയും തുണിയുടെ മാസ്ക് ധരിക്കുന്നവർ രണ്ട് മാസ്കുകൾ ധരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. കൂടാതെ ശരിയായ ശാരീരിക അകലം പാലിക്കുക, ഇടക്കിടക്ക് കൈകൾ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.”
വാക്സിൻ വിതരണം
“സംസ്ഥാനത്ത് 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യ വാക്സിനുകൾ നൽകാൻ തീരുമാനിച്ചു. നിലവിൽ രണ്ട് കമ്പനികളാണ് ഇന്ത്യയിൽ വാക്സിൻ നിർമിക്കുന്നത്. വാക്സിനേഷൻ പ്രക്രിയ വേഗത്തിൽ നടപ്പിലാക്കുന്നതിനായി ‘കോവിൻ’ ആപ്പ് വഴി രജിസ്റ്റട്രേഷൻ ആരംഭിച്ചു. ഈ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് വാക്സിൻ ലഭ്യമാകൂവെന്നും” മഹാരാഷ്ട്രാ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. തത്യറാവു ലഹാനെ പറഞ്ഞു.