ചെന്നൈ: ചെന്നൈയിലെ സിരുശേരിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺ സുഹൃത്തിനെ ചങ്ങലയ്‌ക്കിട്ട ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് പെട്രോളൊഴിച്ച് കൊന്ന (IT woman murder in Chennai ) കേസിൽ യുവാവ് അറസ്റ്റിൽ. ലിംഗമാറ്റം നടത്തി പുരുഷനായ വെട്രി മാരൻ (27) ആണ് സുഹൃത്തിനെ കൊന്ന കേസിൽ അറസ്റ്റിലായത്. ചെന്നൈയിലെ സോഫ്‌റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരിയായ നന്ദിനി (27) ആണ് ശനിയാഴ്‌ച വൈകുന്നേരം ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
ഇരുവരും ബാല്യകാല സുഹൃത്തുക്കളായിരുന്നു (IT woman murder in Chennai by male friend). നന്ദിനിയെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. സംഭവ ദിവസം വൈകുന്നേരം യുവതിയുടെ കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികൾ കാണുന്നത് തീ ആളിപടരുന്നതാണ്. യുവതിയുടെ കൈകാലുകൾ ചങ്ങലയ്‌ക്കിട്ട നിലയിലായിരുന്നു.
ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് തീയണച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും യുവതി മരണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് മധുരൈ സ്വദേശിയായ നന്ദിനിയാണെന്ന് തിരിച്ചറിയുന്നത്.
പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ വെട്രി മാരനും എത്തിയിരുന്നു. സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ പരസ്‌പര വിരുദ്ധമായ മറുപടികൾ സംശയത്തിനിടയാക്കി. തുടർന്ന് ഇയാൾ കുറ്റം സമ്മതിയ്‌ക്കുകയായിരുന്നു.
ഇരുവരും ബാല്യകാല സുഹൃത്തുകൾ: നന്ദിനിക്കൊപ്പം ഒരേ ക്ലാസിൽ പഠിച്ച പെൺകുട്ടിയായിരുന്നു വെട്രി മാരൻ. എന്നാൽ പ്രായപൂർത്തി ആയതിന് ശേഷം തന്‍റെ ലിംഗ സ്വത്വം തിരിച്ചറിഞ്ഞ് ആണായി മാറുകയായിരുന്നു. ലിംഗ മാറ്റത്തിന് ശേഷം വെട്രി മാരനെ അംഗീകരിക്കാതിരുന്ന കുടുംബം ഇയാളെ പുറത്താക്കുകയായിരുന്നു.
വെട്രിമാരന് യുവതിയോട് ഇഷ്‌ട്ടമുണ്ടായിരുന്നു. നന്ദിനി മറ്റ് യുവാക്കളുമായി സംസാരിയ്‌ക്കുന്നതോ ഇടപഴകുന്നതോ ഇയാൾക്ക് ഇഷ്‌ട്ടമുണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ യുവതി വെട്രിമാരനുമായുള്ള സൗഹൃദത്തിൽ നിന്ന് അകന്നിരുന്നു. ഈ പകയാണ് കൊലപാതകത്തിലേയ്‌ക്ക് നയിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
കൊലപാതകം പിറന്നാളിന് തലേ ദിവസം: നന്ദിനിയുടെ പിറന്നാളിന് തലേ ദിവസം ഇരുവരും ക്ഷേത്രങ്ങളിലും അനാഥാലയങ്ങളിലും കറങ്ങിയിരുന്നു. ശേഷം യുവാവ് രാത്രി നന്ദിനിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഇയാൾ നന്ദിനിയുടെ കണ്ണുപൊത്തി, കൈകാലുകൾ ചങ്ങല കൊണ്ട് കെട്ടുകയായിരുന്നു. തുടർന്ന് ബാഗിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ നന്ദിനിയുടെ കൈകൾ മുറിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
യുവതിയുടെ കരച്ചിൽ കേട്ട് പ്രദേശവാസികൾ എത്തുകയായിരുന്നു. നന്ദിനിയെ രക്ഷിക്കുന്നതായി നടിച്ച ഇയാൾ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നന്ദിനിയുടെ കൊലപാതകം ഇയാൾ മുൻകൂട്ടി ആസൂത്രണം ചെയ്‌തിരുന്നു. വെട്രി മാരൻ ബാഗിൽ ചങ്ങലയും കത്തിയും പെട്രോളും കരുതിയിരുന്നതായി പോലീസ് പറഞ്ഞു.
സ്വന്തം വീട്ടുകാർ എതിർത്തിരുന്നെങ്കിലും നന്ദിനി വെട്രി മാരനുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലായിരുന്നു. നന്ദിനിയുടെ മരണ വാർത്ത പൊലീസ് വീട്ടുകാരെ അറിയിച്ചെങ്കിലും സഹോദരി ആദ്യം ബന്ധപ്പെട്ടത് വെട്രി മാരനെ ആയിരുന്നെന്നാണ് പോലീസ് പറയുന്നത്. നന്ദിനിയുടെ മരണവാർത്ത അറിഞ്ഞ മാതാപിതാക്കൾ ചെന്നൈയിൽ എത്തിയിട്ടുണ്ട്.
Also read: അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടി: സുഹൃത്തുക്കൾ പിടിയിൽ